കഴിഞ്ഞ ദിവസം എഴുതിയതേയുള്ളൂ. ഇന്ത്യന്‍ ചെസ്സിന്റെ വസന്തകാലമാണിതെന്ന്. ഇതാ ഇക്കുറി വാര്‍ത്ത സൃഷ്ടിച്ചത് പ്രജ്ഞാനന്ദയോ, ഡി.ഗുകേഷോ, അര്ജുന് എരിഗെയ്സിയോ അല്ല, തൃശൂരില്‍ നിന്നുള്ള സാക്ഷാല്‍ നിഹാല്‍ പി. സരിന് ആണ്.. റൊമാനിയയില്‍ നടന്ന ക്ലൂഷ് ഗ്രാന്റ് പ്രീ റാപ്പിഡ് 2024ലാണ് നിഹാല്‍ സരിന് ചാമ്പ്യനായത്. റൊമാനിയ ഗ്രാന്റ് പ്രീ 2024ലെ രണ്ടാം ടൂര്‍ണ്ണമെന്റാണ് ക്ലൂഷ് ഗ്രാന്റ് പ്രീ റാപ്പിഡ് 2024. ആകെയുള്ള പത്ത് റൗണ്ടില്‍ 8.5 പോയിന്റ് നേടിയാണ് നിഹാല്‍ പി. സരിന് ചാമ്പ്യനായത്.
നിഹാല്‍ പി. സരിന് എന്ന 20 കാരന് അതിവേഗ കരുനീക്കങ്ങളുടെ താരമാണ്. സമയം കുറഞ്ഞ ചെസ് പോരാട്ടത്തില്‍ സൂപ്പര്‍ കംപ്യൂട്ടര്‍ പോലെ പ്രവര്‍ത്തിക്കുന്നതാണ് നിഹാല്‍ പി. സരിന്റെ തലച്ചോര്‍. ഒരു പക്ഷെ റാപ്പിഡില്‍ പ്രജ്ഞാനന്ദയേക്കാള്‍, ഗുകേഷിനേക്കാള്‍ മുന്‍പിലാണ് നിഹാല്‍ പി സരിന്റെ സ്ഥാനം.
ഈ വര്‍ഷത്തെ ആദ്യ കിരീടമാണ് നിഹാല്‍ സരിന്റേത്. 22 ഗ്രാന്റ് മാസ്റ്റര്‍മാര്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ അവസാന മത്സരം ഹംഗറിയുടെ ഗ്രാന്റ് മാസ്റ്റര്‍ ബലോഗുമായിട്ടായിരുന്നു. അതില്‍ ഏഴാം റൗണ്ട് മത്സരം സമനിലയിലായതോടെ വിജയിയെ നിശ്ചയിക്കാന്‍ ആമഗെഡ്ഡോണ്‍ വേണ്ടി വന്നു. ഇതില്‍ ഒരു കരുനീക്കത്തിന് റാപ്പിഡ് ഗെയിമിനേക്കാള്‍ കുറഞ്ഞ സമയം മാത്രമേ അനുവദിക്കൂ. അതില്‍ നിഹാല്‍ സരിന് വിജയിച്ചു.
ടൂര്‍ണ്ണമെന്റില്‍ ഹംഗറിയുടെ ബലോഗ് രണ്ടാമനായി. സ്പെയിനിലെ ഗ്രാന്റ് മാസ്റ്റര്‍ ജെയിം സാന്റോസ് മൂന്നാമതായി. വിശ്വനാഥന് ആനന്ദ് ഈ ടൂര്‍ണ്ണമെന്റില്‍ മുഖ്യാതിഥിയായി.
14 വയസ്സില്‍ ഇഎല്‍ഒ റേറ്റിംഗ് 2600 നേടിയ താരമാണ് നിഹാല്‍ സരിന്. അക്കാലത്ത് ഇത്രയും റേറ്റിംഗ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായിരുന്നു നിഹാല്‍. പിതാവ് സരിന് അബ്ദുസലാം ഡെര്‍മറ്റോളജിസ്റ്റാണ്. മാതാവ് ഷിജിന് സൈക്യാട്രിസ്റ്റാണ്.
ആറാം വയസ്സിലാണ് കളി തുടങ്ങിയത്. വെക്കേഷന് കാലം ബോറടിക്കാതിരിക്കാനാണ് പിതാവ് നിഹാല്‍ സരിനെ ചെസ്സിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: