പാലക്കാട്: കെ. രാധാകൃഷ്ണന് പകരം മന്ത്രിസഭയിലെത്തിയ ഒ. ആർ കേളുവിന് വകുപ്പുകൾ നൽകാത്തതിൽ വിമർശിച്ച് ബിജെപി. ഒ.ആർ കേളു സിപിഎമ്മിന്റെ തമ്പ്രാൻ നയത്തിന്റെ ഇരയാണെന്നും മന്ത്രിയാക്കിയെങ്കിലും പ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിമര്‍ശിച്ചു. പട്ടികവർഗക്കാരോടുള്ള നീതിനിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു.
കാൽക്കാശിന് പോലും ഭരണ പരിചയമില്ലാത്ത മുഹമ്മദ് റിയാസിന് സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിയാക്കിയത് എങ്ങനെയെന്നും സുരേന്ദ്രൻ ചോദിച്ചു. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും കേളുവിന് നൽകണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തത് വർഗീയ പ്രീണനത്തിന്റെ ഭാഗമാണെന്ന് ഗോത്രവർഗ നേതാവ് ഗീതാനന്ദനും വിമർശനവുമായി രംഗത്ത് വന്നിരുന്നു.
രാധാകൃഷ്ണന് നല്‍കിയിരുന്ന വകുപ്പുകള്‍ കേളുവിന് നല്‍കാതെ അത് എടുത്തുമാറ്റിയെന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിമര്‍ശനം. ഒ.ആര്‍.കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്നാണ് ആദിവാസി ഗോത്ര മഹാസഭ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ പറയുന്നത്. ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് മോശപ്പെട്ട സന്ദേശം നല്‍കും. സിപിഎം സവര്‍ണപ്രീണനം നടത്തുന്നുവെന്ന വ്യാഖ്യാനവുമുണ്ട്. തെറ്റ് തിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍ക്കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണമെന്നും അദ്ദേഹം പറയുന്നു.
മന്ത്രിയായിരിക്കെ കെ. രാധാകൃഷ്ണന് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ വകുപ്പിന് പുറമെ ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകളും നല്‍കിയിരുന്നു. എന്നാല്‍ വയനാട്ടില്‍ നിന്ന് ആദ്യമായി ഒരു സിപിഎം നേതാവ് മന്ത്രിയാകുകയും അദ്ദേഹം ഗോത്രവിഭാഗത്തില്‍നിന്ന് ആകുകയും ചെയ്യുമ്പോഴും അദ്ദേഹത്തിന് നല്‍കിയ വകുപ്പ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം മാത്രമാകുന്നുവെന്നതാണ് വിവാദത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: