പാലക്കാട്: ഇടതുപക്ഷത്തിന്റെ ഇന്നത്തെ സമ്പൂര്‍ണ തകര്‍ച്ചയുടെ കാരണം പിണറായി വിജയനും സിപിഎമ്മും നടത്തിയ അമിത വർഗീയ പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്എന്‍ഡിപി, ക്രിസ്ത്യൻ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന എംവി ഗോവിന്ദന്റെ പരാമര്‍ശം പ്രകോപനപരമാണ്. സിപിഎമ്മിന്റെ ഭീകര തോൽവിയെ ന്യായീകരിക്കാൻ ശ്രമിച്ചതാണിതെന്നും യാഥാർത്ഥ്യവുമായി ചേർന്നതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വര്‍ഗീയതയെ പ്രീണിപ്പിച്ച് സ്വയംനശിക്കുന്ന അവസ്ഥയിലേക്ക് മാർക്സിസ്റ്റ് പാർട്ടിയെത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഹിന്ദു-ക്രിസ്ത്യൻ സംഘടനകളെ എം.വി ഗോവിന്ദൻ ലക്ഷ്യം വെയ്ക്കുകയാണ്. ബിജെപിക്ക് വോട്ടുചെയ്ത സംഘടനകളെ സംരക്ഷിക്കും. പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കും. വെള്ളാപ്പള്ളിക്കെതിരെ പ്രകോപനകരമായ പരാമർശമാണ് എം.വി ഗോവിന്ദൻ നടത്തിയത്. മുസ്ലീങ്ങള്‍ എങ്ങനെ വോട്ട് ചെയ്തെന്ന് എന്തുകൊണ്ടാണ് ഗോവിന്ദൻ വിലയിരുത്താതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ആലപ്പുഴയിലേയും കോഴിക്കോട്ടെയും രണ്ട് ഉദാഹരണം പറയാം. ആലപ്പുഴയില്‍ ആരിഫും കോഴിക്കോട്ട് എളമരം കരീമും. ഈ രണ്ട് മണ്ഡലങ്ങളിലും മുസ്ലിം സമുദായം എങ്ങനെ വോട്ട് ചെയ്തുവെന്ന കാര്യം ഇടതുമുന്നണി വിലയിരുത്തിയിട്ടുണ്ടെങ്കില്‍ വസ്തുത അവര്‍ക്ക് മനസ്സിലായിക്കാണും. നാടിന്റെ ചരിത്രത്തില്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത മുസ്ലിം പ്രീണനമാണ് സിപിഎമ്മും മുഖ്യമന്ത്രിയും നടത്തിയത്. ഒരു മതത്തെ പ്രത്യേകമായി അടയാളപ്പെടുത്തുന്നത് കോഴിക്കോട് നാം കണ്ടു. സഖാവ് എളമരം കരീം എന്ന് എഴുതുന്നതിന് പകരം ബോര്‍ഡുകളില്‍ നാം കണ്ടത് കരീമിക്ക എന്നാണ്.
മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും നടത്തിയ എല്ലാ പ്രചരണങ്ങളും മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നാണ്. പക്ഷേ, ഈ രണ്ട് മണ്ഡലങ്ങളിലേയും വോട്ടര്‍മാര്‍ എങ്ങനെയാണ് വോട്ട് ചെയ്തത്. നിര്‍ലജ്ജം നടത്തിയ വര്‍ഗീയ പ്രീണനത്തിന് എന്താണ് ആ പാര്‍ട്ടിക്കാര്‍ക്ക് സംഭവിച്ചത്. സിപിഎമ്മിലെ മുസ്ലിങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പരിശോധിച്ചിട്ടുണ്ടോ. കോഴിക്കോടും ആലപ്പുഴയിലും യു.ഡി.എഫിന് ഇത്ര വലിയ ഭൂരിപക്ഷം കിട്ടാന്‍ കാരണം സി.പി.എമ്മിലെ മുസ്ലിം സഖാക്കള്‍ യു.ഡി.എഫിന് വോട്ട് ചെയ്തതാണ്. മുസ്ലിം പ്രീണനം നടത്തിയിട്ടും പാര്‍ട്ടിയിലെ മുസ്ലിങ്ങള്‍ തന്നെ യു.ഡി.എഫിനെ പിന്തുണച്ചു. അത് എന്ത് കൊണ്ട് എന്ന് പറയാതെ ഗോവിന്ദൻ മൗനം പാലിക്കുകയാണ്.
മുസ്ലീം പ്രീണനം നടത്തിയതാണ് മുസ്ലീം സഖാക്കളുടെ വോട്ട് ചോരാൻ കാരണം. മുസ്ലീം സഖാക്കളുടെ വോട്ട് ചില മുസ്ലീം സംഘടനകൾ ചേർന്നാണ് സമാഹരിച്ചത്. പാലക്കാട് നേരത്തെ ഷാഫി ജയിച്ചത് മുസ്ലിം സഖാക്കളുടെ വോട്ട് കൊണ്ടാണ്. ഇത്തവണയും ക്രോസ് വോട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: