കള്ളക്കുറിച്ചി/ സേലം: വ്യാജമദ്യ ദുരന്തത്തിൽ കള്ളക്കുറിച്ചിയിൽ മരിച്ചവരുടെ എണ്ണം 49 ആയി. 109 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. വിഷമദ്യം കഴിച്ച് വയറിളക്കവും കാഴ്ചക്കുറവും ബധിരതയും ബാധിച്ചത് 150ലധികം പേർക്കാണ് ഇവരിൽ 143 പേരെ കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളിലെ ജിപ്മർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ, 900 ലിറ്റർ വ്യാജ മദ്യവുമായി 10 പേർ സി.ബി.സി.ഐ.ഡി കസ്റ്റഡിയിലായി. വിഷമദ്യം കഴിച്ച് 19ന് പുലർച്ചെ മരിച്ച കരുണാപുരം സ്വദേശി സുരേഷിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരാണ് മരിച്ച മറ്റുള്ളവർ. നൂറോളം പേരാണ് മരണകാരണം വിഷമദ്യമാണെന്നറിയാതെ വീണ്ടും കുടിച്ചത്.
ഇന്ന് (ജൂൺ 21) രാവിലെ വരെയുള്ള കണക്കനുസരിച്ച്, കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ 27 പേരും പുതുച്ചേരി ജിപ്‌മറിൽ 3 പേരും സേലം സർക്കാർ ആശുപത്രിയിൽ 15 പേരും വില്ലുപുരം ആശുപത്രിയിൽ 4 പേരും ഉൾപ്പെടെ ആകെ 49 പേർ മരിച്ചു.ഇവരിൽ നാലുപേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.
കള്ളക്കുറിച്ചിയിൽ 56 പേരും പുതുച്ചേരിയിൽ 16 പേരും സേലത്ത് 35 പേരും വില്ലുപുരത്ത് രണ്ട് പേരും ഉൾപ്പെടെ 109 പേർ കിടത്തി നിലവിൽ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണത്തിന് സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. റിട്ടയേഡ് ജഡ്ജി ഗോകുൽദാസിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച അന്വേഷണ കമ്മീഷനോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് വ്യാജ മദ്യ മാഫിയ ഡിഎംകെയുടെ നേതൃത്വത്തിലാണ് അഴിഞ്ഞാടുന്നതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ അണ്ണാമല സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ബിജെപി 22ന് സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: