കൊച്ചി: തോറ്റുപോകുമെന്ന് കരുതിയ ജീവിതം ശ്രീജ തിരികെപ്പിടിച്ചത് യോഗയിലൂടെയാണ്. ലെഡ് പോയ്സണിങ് എന്ന അത്യപൂര്‍വമായ രോഗം, അത് സൃഷ്ടിച്ച ഭ്രാന്തമായ മാനസികാവസ്ഥ…. എല്ലാം അതിജീവിച്ചാണ് പാല രാമപുരത്തുകാരി ശ്രീജ ദീപക് പ്രചോദനമാകുന്നത്.
‘ലെഡ് പോയിസണിങ് കണ്ടെത്താനാവാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ‘എല്ലാം തോന്നലാണ്, സൈക്യാട്രിസ്റ്റിനെ കാണിക്കാനാണ്. അങ്ങനെ 21 ദിവസം ഭ്രാന്താശുപത്രിയില്‍. കയ്പേറിയ ഓര്‍മ്മയാണ് ശ്രീജയ്ക്ക് ആ കാലം. മടുത്തപ്പോള്‍ ഭ്രാന്തിന്റെ മരുന്നുകള്‍ ഉപേക്ഷിച്ചു. വയ്യായ്കകള്‍ ആരോടും പറയാതായി. ആര്‍ത്തവകാലം ഭയപ്പാടിന്റേതായി. എല്ലാം കൂടി ആരോഗ്യം താറുമാറായി.
ഡോ. തോമസ് ആലിയാട്ടുകുടിയാണ് ഒടുവില്‍ രോഗകാരണം കണ്ടെത്തിയത്. ശരീരത്തിലെ ഈയത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന ലെഡ് പോയ്സണിങ്. ചികിത്സയിലൂടെ ലെഡിന്റെ അളവ് 80 ല്‍ നിന്ന് എട്ടായി കുറഞ്ഞു. മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍, രോഗം വീണ്ടു വരുമോ തുടങ്ങിയ ആശങ്കകള്‍ക്ക് ഡോ. തോമസ് ആണ് യോഗ പരിഹാരമായി നിര്‍ദേശിച്ചത്.
എറണാകുളത്തുള്ള പതഞ്ജലി കോളജ് ഓഫ് യോഗ സ്ഥാപക ഡയറക്ടര്‍ യോഗാചാര്യന് ടി. മനോജില്‍ നിന്നാണ് യോഗ അഭ്യസിച്ചത്. ബെംഗളൂരു എസ്. വ്യാസ യൂണിവേഴ്സിറ്റി, തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരി പഠനം. പിന്നാലെ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ വെല്‍നസ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റും നേടി. തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎസ്സി യോഗ. ഒപ്പം യോഗ തെറാപ്പി പഠനം.
അഞ്ചു വര്‍ഷമായി യോഗാദ്ധ്യാപനത്തില് സജീവമാണ് ശ്രീജ. എറണാകുളം ആസ്ഥാനമാക്കി 2018 ല്‍ യോഗശ്രീ യോഗാ പഠന കേന്ദ്രം തുടങ്ങി. തൊടുപുഴയിലും ക്ലാസുകള്‍ ആരംഭിച്ചു. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരിഞ്ഞു. കൊവിഡ് ബാധിതര്‍ക്കും ആരോഗ്യ- സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി ‘ശ്വാസമാണ് ആശ്വാസം’ എന്ന യോഗാക്രമം തയാറാക്കി, നൂറുകണക്കിന് ആളുകള്‍ക്ക് സൗജന്യമായി അത് പകര്‍ന്നു. ഇപ്പോള്‍ രാമപുരമാണ് യോഗശ്രീ യോഗ പഠനകേന്ദ്രത്തിന്റെ ആസ്ഥാനം. സുരേഷ് ഗോപിയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലും ശ്രീജ യോഗ ഇന്‍സ്ട്രക്ടര്‍ (ഗസ്റ്റ്) ആണ്. അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലായി നിരവധി പേര് ശ്രീജയുടെ ശിഷ്യരാണ്. പ്രബോധ വിദ്യാ അഭിയാ
നില് നിന്ന് പ്രാക്ടിക്കല്‍ കൗണ്‍സിലിങ് പൂര്‍ത്തിയാക്കി.
മനസ് ഉലഞ്ഞ ദിനങ്ങളില്‍ ഭര്‍ത്താവ് ദീപക് കരങ്ങള്‍ ചേര്‍ത്തുപിടിച്ചു. ലളിതാംബിക അന്തര്‍ജനത്തിന്റെ മകളും എഴുത്തുകാരിയുമായ രാജം ജി. നമ്പൂതിരിയുടെ മകനാണ് ദീപക്. ബാലഗോപാലന്, നിരവദ്യ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: