ആലപ്പുഴ: ഒരു പേരു മാത്രമല്ല രാഷ്ട്രത്തിന്റെ മന്ത്രവും തനിമയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നളന്ദ സര്വകലാശാലയില് അഭിമാനത്തോടെ ഒരു മലയാളി പെണ്കുട്ടി, ആലപ്പുഴക്കാരി നന്ദിത പ്രഭു.
കഴിഞ്ഞ ദിവസമാണ് പുനര്ജനിച്ച നളന്ദയെ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്പ്പിച്ചത്. നളന്ദയില് ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിനിയാണ് നന്ദിത. പഴയ തിരുമല തോപ്പില് പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, ലത ദമ്പതികളുടെ ഇളയ മകളാണ് നന്ദിത.
ഇരുപത്തഞ്ചോളം രാജ്യങ്ങളില് നിന്നു വിദ്യാര്ത്ഥികള് പഠിക്കാനെത്തുന്ന വിശ്വവിദ്യാലയമാണ് നളന്ദ അന്താരാഷ്ട്ര സര്വകലാശാല. അത്യധികം സുരക്ഷയും അതുപോലെ പഠനത്തിന് അനുയോജ്യവുമായ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ, നന്ദിത സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില് സാക്ഷ്യപ്പെടുത്തുന്നു. എംഎസ്സി ഇക്കോളജി ആന്ഡ് എന്വയോണ്മെന്റല് സ്റ്റഡീസാണ് (പരിസ്ഥിതി ശാസ്ത്രം) നന്ദിതയുടെ വിഷയം. കേരള സര്വകലാശാലയില് നിന്നു സുവോളജിയില് ബിരുദം നേടിയ ശേഷമാണ് നന്ദിത നളന്ദയില് ഉന്നത പഠനത്തിന് ചേര്ന്നത്. ലോകത്തെ വിവിധ സര്വകലാശാലകളില് ഗവേഷണ-അദ്ധ്യാപന പരിചയമുള്ള പ്രഗത്ഭരായ അദ്ധ്യാപകരാണ് ഇവിടെ.
അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികള്, വായനശാല, ലാബുകള് എന്നിങ്ങനെ പഠനത്തിനു വേണ്ട എല്ലാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ആധുനിക കാലത്തിനു യോജിച്ച തിയറിയും പ്രായോഗിക പരിശീലനവും, ഫീല്ഡ് വര്ക്കുകളും സംയോജിപ്പിച്ചുള്ള സിലബസാണ് മറ്റൊരു ആകര്ഷണം. അതിവിപുലമായ ഒരു സ്പോര്ട്സ് കോംപ്ലക്സുമുണ്ട്.
ഗുരുകുല സമ്പ്രദായത്തെ ഓര്മിപ്പിക്കുന്ന പൂര്ണമായും റെസിഡന്ഷ്യല് സംവിധാനമാണ് ഇവിടെ പിന്തുടരുന്നത്. ആരോഗ്യ കേന്ദ്രവും ഇവിടെയുണ്ട്. ഇവിടെ പഠിക്കാന് അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് നന്ദിത അഭിപ്രായപ്പെടുന്നു. ഒന്നാം വര്ഷ പഠനം പൂര്ത്തിയാക്കി ഗുജറാത്തിലെ അഹമ്മദാബാദ് സര്വകലാശാലയില് രണ്ടു മാസത്തെ സമ്മര് ഇന്റേണ്ഷിപ്പ് ചെയ്യുകയാണ് നന്ദിത ഇപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: