ആലപ്പുഴ; കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചെങ്കിലും, പതിവുപോലെ സംസ്ഥാന സര്‍ക്കാര്‍ ഈ തുക വെട്ടിക്കുറയ്ക്കുമോ എന്ന് ആശങ്ക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ നെല്ല് വില വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതത്തില്‍ ആ തുക കുറവു വരുത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. ഒരുഭാഗത്ത് കര്‍ഷക സ്നേഹം പറയുകയും, മറുഭാഗത്ത് ന്യായമായി ലഭിക്കേണ്ട തുക പോലും സംസ്ഥാനസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയുമാണ് പതിവ്.
ഇത്തവണ കേന്ദ്രസര്‍ക്കാര്‍ കിലോയ്ക്ക് 1.17 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കേന്ദ്രവിഹിതം 23 രൂപയായി വര്‍ദ്ധിച്ചു. നിലവില്‍ ഒരു കിലോ നെല്ലിന് കര്‍ഷകര്‍ക്ക് 28.20 രൂപയാണ് ലഭിക്കുന്നത്. കൂടാതെ 12 പൈസ കൈകാര്യ ചെലവിനത്തിലും നല്‍കുന്നുണ്ട്. നെല്ലുവിലയായി കര്ഷകന് ലഭിക്കുന്ന 28.20 രൂപയില്‍ 20.40 രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് കേവലം 7.80 രൂപ മാത്രമാണ്. എല്ലാ വര്‍ഷവും കേന്ദ്രവിഹിതം വര്‍ധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാന വിഹിതം കുറയ്ക്കുകയാണ്.
2020 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ധിപ്പിച്ചത് അനുസരിച്ച് കര്ഷകന് നിലവില്‍ 31.47 രൂപ നെല്ലിന് ലഭിക്കേണ്ടതാണ്. എന്നാല്‍ ലഭിക്കുന്നതാകട്ടെ കൈകാര്യ ചിലവിന് അനുവദിച്ചതുള്‍പ്പടെ 28.32 രൂപയാണ്. അതായത് 3.15 രൂപയുടെ കുറവാണുള്ളത്. പല ഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിന് അനുസരിച്ച് സംസ്ഥാന വിഹിതം വെട്ടിക്കുറച്ചതാണ് ഇത്രയും തുക കുറയാന്‍ കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച 1.43 രൂപയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്കാന് തയ്യാറായിട്ടില്ല. മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ പലഘട്ടങ്ങളിലായി ബജറ്റിലടക്കം പ്രഖ്യാപിച്ച വര്‍ദ്ധനവും ഇതുവരെ നടപ്പായിട്ടില്ല.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.17 രൂപയുടെ വര്‍ധനവിന് അനുസരിച്ച് സംസ്ഥാന വിഹിതം കുറയ്ക്കുമോ എന്ന് കണ്ടറിയണം. നിലവില്‍ നെല്ല് വില ലഭിക്കാന്‍ കര്‍ഷകര്‍ മാസങ്ങള്‍ കാത്തിരിക്കേണ്ട ദുരവസ്ഥയാണ്. കേന്ദ്രവിഹിതം മാറ്റി ചെലവഴിക്കുകയും, പണം ചെലവഴിച്ചതിന്റെ വ്യക്തമായ വിവരങ്ങള്‍ യഥാസമയം സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രത്തിന് സമര്‍പ്പിക്കാത്തതുമാണ് പ്രശ്നം. മറ്റു സംസ്ഥാനങ്ങളില്‍ നെല്ലിന് കേന്ദ്രവിഹിതം മാത്രമെ നല്കുന്നുള്ളു എന്നും, ഇവിടെ മാത്രമാണ് സംസ്ഥാന വിഹിതം കുടി നല്കുന്നതെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: