ന്യൂദല്‍ഹി: മുതലപ്പൊഴിട തുറമുഖ അഴിമുഖത്ത് തുടര്‍ച്ചയായി അപകടങ്ങളില്‍ മത്സബന്ധനത്തൊഴിലാളികള്‍ക്ക് ജീവന് നഷ്ടപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിന് ശാശ്വതപരിഹാരമുണ്ടാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഡിപിആര്‍ തയാറാക്കുകയാണ്.
സ്ട്രെക്ചറല്‍ ഡിസൈന്‍ തയാറാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനീയറിങ് ഫോര്‍ ഫിഷറി (സിസെഫ്)യാണ് സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നത്. ഡിപിആര്‍ ലഭിച്ചുകഴിഞ്ഞാല്‍ തുടര്‍നടപടികള്‍ക്കുശേഷം കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കും. ഫണ്ട് അനുവദിക്കും. നിര്‍മാണം ആരംഭിക്കും. എത്രെയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നത്. നടപടികള്‍ കൂടുതല്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയായി ചുമതലയേറ്റശേഷം മുതലപ്പൊഴിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടുതവണ ഔദ്യോഗികമായി യോഗം വിളിച്ചു. ആവശ്യമായ പഠനം നടത്തിയാണ് പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനുള്ള എല്ലാ പിന്തുണയും സഹകരണവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നുണ്ട്.
മുതലപ്പൊഴിയില്‍ താല്‍ക്കാലിക പരിഹാരം കൊണ്ട് കാര്യമില്ലെന്നും അത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ദധരുടെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: