ന്യൂദല്‍ഹി: ഉഷ്തരംഗത്തെ തുടര്‍ന്ന് ഇരുപത്തിനാല് മണിക്കൂറിനിടെ ദല്‍ഹിയില്‍ മാത്രം 17 പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. കടുത്തചൂടിനെ തുടര്‍ന്ന് വിവിധ അസുഖങ്ങള്‍ ബാധിച്ച് ആര്‍എംഎല്‍, സഫ്ദര്‍ജങ് ആശുപത്രികളില്‍ മാത്രം മരിച്ചവരുടെ കണക്കുകളാണിതെന്ന് അധികൃതര്‍ അറിയിച്ചു. ദല്‍ഹിയിലെ ആശുപത്രികളുടെ അത്യാഹിത വിഭാഗങ്ങളിലെല്ലാം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. സഫ്ദര്‍ജങ് ആശുപത്രിയില്‍ മാത്രം നിലവില്‍ 33 പേര് ചികിത്സയിലുണ്ട്. ആര്‍എംഎല്ലില്‍ 22 പേരും.
മാര്‍ച്ച് ഒന്നിനും ജൂണ്‍ 18നും ഇടയില്‍ രാജ്യത്താകെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിവിധ അസുഖങ്ങള്‍ പിടിപെട്ട് 110 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഏകദേശം 40,000 പേരെ ഉഷ്ണതരംഗം ബാധിച്ചുവെന്നും ഇതില്‍ പറയുന്നു.
യുപിയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്, 36. ബിഹാര്‍, രാജസ്ഥാന്, ഒഡീഷ എന്നിവിടങ്ങളാണ് തൊട്ടു പിന്നില്‍. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ (എന്‍സിഡിസി) മേല്‍നോട്ടത്തില്‍ നാഷണല്‍ ഹീറ്റ്-റിലേറ്റഡ് ഇല്‍നസ് ആന്‍ഡ് ഡെത്ത് സര്വയ്ലന്സാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ അപൂര്‍ണമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 18ന് മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് പേര് മരിച്ചു. നിലവിലെ സാഹചര്യത്തില്‍ ദല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: