അറ്റ്ലാന്റ: അമേരിക്കയെ വീണ്ടും കായികാവേശത്തില്‍ ആറാടിക്കാന്‍ നാളെ വെളുപ്പിന് കോപ്പ അമേരിക്ക ഫുട്ബോള്‍ ആരംഭിക്കും. അമേരിക്കന്‍ വന്‍കരയിലെ രാജ്യക്കാര്‍ കിരീടപ്പോരിനായി ഏറ്റുമുട്ടുന്ന വമ്പന്‍ ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീനയാണ് ആദ്യ മത്സരത്തിനിറങ്ങുക. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കാനഡയാണ് എതിരാളികള്‍.
അടുത്ത മാസം 14ന് ഫൈനല്‍ മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി 16 ടീമുകളാണ് പോരടിക്കുന്നത്. 2021ല്‍ നടത്തിയ മുന്‍ കോപ്പ അമേരിക്കയില്‍ ലാറ്റിനമേരിക്കന്‍ വന്‍കരയിലെ പത്ത് ടീമുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ വടക്കേ അമേരിക്കന്‍ ടീമുകളായ കാനഡ, അമേരിക്ക, കോസ്റ്റ റിക്ക ടീമുകളടക്കം മത്സരരംഗത്തുണ്ട്. നാല് ടീമുകള്‍ വീതം ഉള്‍പ്പെടുന്ന നാല് ഗ്രൂപ്പുകളുള്ളതാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും പോയിന്റ് അടിസ്ഥാനത്തില്‍ മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും വിതമാണ് ഫിക്സര്‍.
ഭാരത സമയം നാളെ വെളുപ്പിന് അഞ്ചരയ്ക്ക് അമേരിക്കന്‍ സ്റ്റേറ്റ് ജോര്‍ജിയയിലെ അറ്റ്ലാന്റയിലാണ് ആദ്യ മത്സരം. അര്‍ജന്റീനയ്ക്കും കാനഡയ്ക്കും പുറമെ പെറുവും ചിലിയും ആണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ബ്രസീല്‍ ഗ്രൂപ്പ് ഡിയിലാണ്. കൊളംബിയ, പരാഗ്വായ്, കോസ്റ്റ റിക്ക എന്നിവരാണ് ബ്രസീലിന്റെ പ്രാഥമിക റൗണ്ട് എതിരാളികള്‍. ബ്രസീലിന്റെ ആദ്യ കളി ചൊവ്വാഴ്ച വെളുപ്പിന് ആറരയ്ക്ക് കോസ്റ്റ റിക്കയ്ക്കെതിരെയാണ്.
കോപ്പ അമേരിക്കയ്ക്ക് പുറമെ നിലവിലെ ലോക ഫുട്ബോള്‍ ജേതാക്കള്‍ കൂടിയാണ് അര്‍ജന്റീന. വന്‍കരകളിലെ ജേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയ 2022 ഫൈനലിസ്സിമയിലെയും ജേതാക്കള്‍ അര്‍ജന്റീനയാണ്.
മറ്റ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് ബി: മെക്സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക
ഗ്രൂപ്പ് സി: അമേരിക്ക, ഉറുഗ്വായ്, പനാമ, ബൊളീവിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: