കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയിലെ കാട്ടാന ശല്യം പരിഹരിക്കണമെന്ന് വനം മന്ത്രിയോടു പരാതിപ്പെട്ടതെല്ലാം ചെന്നെത്തിയത് ബധിര കര്‍ണങ്ങളിലാണെന്ന് പാംപ്ലാനി കുറ്റപ്പെടുത്തി. കാട്ടാന ശല്യം രൂക്ഷമായ ഇരിട്ടിയിലെ പാലത്തുംകടവ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ഇറങ്ങാതിരിക്കാന്‍ ശാശ്വത പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പല തവണ വനം മന്ത്രിയെയും മറ്റും നിവേദനമായും നേരിട്ടും ശ്രദ്ധയില്‍പ്പെടുത്തിയതാണ്. നടപടിയുണ്ടാകാത്തതിനാല്‍ പാലത്തുംകടവില്‍ ഉള്‍പ്പെടെ ജനങ്ങള്‍ കാട്ടാന ഭീഷണിയില്‍ വിറങ്ങലിക്കുന്നു. ഈ രീതി സമ്മതിക്കില്ല.
ജില്ലയില്‍ കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളാണ് ഇരിട്ടിക്കു സമീപമുള്ള പാലത്തുംകടവും കച്ചേരിക്കടവും മുടിക്കയവും. രണ്ടാഴ്ച മുമ്പ് കച്ചേരിക്കടവിലിറങ്ങിയ കാട്ടാനക്കൂട്ടം കാടു കയറിയിട്ടില്ല. നിരവധിപ്പേരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇതിനു പിന്നാലെ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ മേഖല സന്ദര്‍ശിച്ചു. പകല്‍പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ആറളം ഫാമില്‍ നിന്നു തുരത്തുന്ന കാട്ടാനകളും കര്‍ണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന ആനകളുമാണ് നാട്ടുകാര്‍ക്ക് ആശങ്കയാകുന്നത്. അഞ്ചു വര്‍ഷം മുമ്പുണ്ടാക്കിയ ഫെന്‍സിങ് തകര്‍ന്നു. അധികൃതര്‍ നന്നാക്കാന്‍ ശ്രമിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: