അര്‍ജുന്‍ എരിഗെയ്സി എന്ന തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള 20 കാരന്‍ ആര്‍മേനിയയിലെ സ്റ്റെപാന്‍ അവഗ്യാന്‍ സ്മാരക ചെസ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായി. ഒരു റൗണ്ട് ബാക്കിനില്‍ക്കെയാണ് 9ല്‍ ആറര പോയിന്‍റ് നേടി അര്‍ജുന്‍ എരിഗെയ്സി ചാമ്പ്യനായത്. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനം തത്സമയ ലോക റാങ്കിങ്ങില്‍ (ഈ റാങ്ക് പിന്നീട് തൊട്ടടുത്ത മാസത്തെ റാങ്ക്-റേറ്റിംഗ് പട്ടികയില്‍ ഇടം പിടിക്കുക.) നാലാമതായി ഉയര്‍ന്നു. അര്‍ജുന്‍ എരിഗെയ്സിയുടെ ഇഎല്‍ഒ റേറ്റിംഗ് പോയിന്‍റാകട്ടെ 2779.9 ആയി ഉയര്‍ന്നു. ഇഎല്‍ഒ റേറ്റിംഗ് 2800ന് മുകളില്‍ രണ്ടു പേര്‍ക്കേ ഇപ്പോള്‍ ഉള്ളൂ. ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍) സ്ഥിരം പട്ടികപ്രകാരം ഇഎല്‍ഒ റേറ്റിംഗ് 2830 ആണ് മാഗ്നസ് കാള്‍നുള്ളതെങ്കില്‍ 2805ആണ് യുഎസിന്റെ ഫാബിയാനോ കരുവാനയ്‌ക്കുള്ളത്. അതായത് അര്‍ജുന്‍ എരിഗെയ്സി ലോകത്തിന്റെ നെറുകെയിലേക്കുള്ള യാത്രയിലാണ്. ഇപ്പോള്‍ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും ഹികാരു നകാമുറ എന്നിവര്‍ മാത്രമേ അര്‍ജുന്‍ എരിഗെയ്സിയുടെ മുന്നില്‍ ഇപ്പോള്‍ മാര്‍ഗ്ഗതടസ്സമായി ഉള്ളൂ.
ഇന്ത്യന്‍ ചെസ്സിനെ സംബന്ധിച്ചിടത്തോളം ഇത്രയും വസന്തകാലം വേറെയില്ല. കാരണം ഒരേ സമയം നിരവധി കൗമാരക്കാരായ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍. അവരെല്ലാം ലോകത്തിലെ മികച്ച ഗ്രാന്‍റ് മാസ്റ്റര്‍മാരെ വിറപ്പിക്കുന്നു. കിരീടം പിടിച്ചുവാങ്ങുന്നു. അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, ഡി.ഗുകേഷ്, നിഹാല്‍ സരിന്‍ തുടങ്ങി എത്രവേണമെങ്കിലും ഈ പട്ടിക നീട്ടാം. അതുപോലെ വനിതകളിലും കൊനേരു ഹംപി, ആര്‍.വൈശാലി, ദിവ്യ ദേശ്മുഖ് തുടങ്ങി എത്രപേര്‍ വേണമെങ്കിലും ഉണ്ട്.
ആര്‍മേനിയയിലെ ജെര്‍മുകില്‍ നടക്കുന്ന സ്റ്റെപാന്‍ അവഗ്യാന്‍ ടൂര്‍ണ്ണമെന്‍റില്‍ എട്ടാം റൗണ്ടില്‍ റഷ്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വൊളൊഡോര്‍ മുര്‍സിനെ 63 നീക്കങ്ങളില്‍ തോല്‍പിച്ചു. ഈ വര്‍ഷം അര്‍ജുന്‍ എരിഗെയ്സിയുടെ രണ്ടാമത്തെ ചെസ് കിരീടമാണിത്. സ്റ്റെപാന്‍ അവഗ്യാന്‍ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള ചെസ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടുക എന്നത് എളുപ്പത്തില്‍ കൈവരിക്കാവുന്ന നേട്ടമല്ല. ഈ ഏപ്രിലില്‍ മെനോര്‍ക ഓപ്പണ്‍ ചെസ് കിരീടവും അര്‍ജുന്‍ എരിഗെയ്സി സ്വന്തമാക്കിയിരുന്നു. മെയ് മാസത്തില്‍ നടന്ന തെ പെ സിഗെമെന്‍ ടൂര്‍ണ്ണമെന്‍റില്‍ രണ്ടാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: