തിരുവനന്തപുരം: എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ സഭയില്‍ പൊട്ടിത്തെറി. ബോംബ് നിര്‍മിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി ചിഹ്നം ബോംബ് ആക്കണമെന്നും ബോംബ് നിര്‍മ്മാണം കുടില്വ്യവസായമാക്കണമെന്നും പ്രതിപക്ഷം. സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിന്റെ കഥകള്‍ പറഞ്ഞതോടെ പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം ബോംബ് പൊട്ടി വൃദ്ധന് മരിച്ചത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷത്തിന്റെയും പരാമര്‍ശം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
സിപിഎം ബോംബ് നിര്‍മാണം ആയുധമാക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെന്നും പിന്നീടതിനെ ന്യായീകരിക്കുകയാണെന്നും വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പാര്‍ട്ടി ചിഹ്നം പോയാല്‍ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്ന് സണ്ണിജോസഫ് പരിഹസിച്ചു. ബോംബ് നിര്‍മാണത്തിനിടെ പി ജയരാജന്റെ മകന് പരിക്കേറ്റിരുന്നുവെന്ന് പറഞ്ഞതോടെ ഭരണപക്ഷ അംഗങ്ങള്‍ ക്ഷുഭിതരായി എഴുന്നേറ്റു. പഴകാര്യങ്ങള്‍ പറയാനല്ല അടിയന്തരപ്രമേയ നോട്ടീസെന്ന് സ്പീക്കര്‍ പൊട്ടിത്തെറിച്ചു.
പഴയ ചരിത്രം പരിശോധിച്ചാല്‍ എന്തൊക്കെ പറയണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഡിസിസി ഓഫീസില്‍ പലതരം ബോംബുകള്‍ പ്രദര്‍ശിപ്പിച്ച നില വരെ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരില്‍ സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടാല്‍ തുറക്കരുത് എന്ന് സര്ക്കാന് മുന്നറിയിപ്പ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: