ബംഗളൂരു: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക ഭീഷണി മുൻകൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യത തേടി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ബംഗളൂരുവിൽ ഐഎസ്ആർഒ ചെയർമാൻ സോമനാഥ് എസുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.
രാജ്യത്തുടനീളം കാലാവസ്ഥാ മാറ്റം മൂലം ഉണ്ടായ ദുരിതം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ അണക്കെട്ടുകളുമായി ബന്ധപ്പെട്ട വെള്ളപ്പൊക്ക സാഹചര്യം അടിയന്തരമായി വിലയിരുത്തേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയുടെ ആസൂത്രണത്തെ പ്രളയസാധ്യതയുമായി സംയോജിപ്പിച്ച് ഒരു പ്രോട്ടോടൈപ്പ് സൊല്യൂഷൻ വികസിപ്പിക്കാനും സുരേഷ് ഗോപി നിർദ്ദേശിച്ചു. ദുരന്തനിവാരണത്തിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കുന്നതിന് ശേഷി വർദ്ധിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. വെള്ളപ്പൊക്കത്തിന്റെ സാധ്യത വിലയിരുത്തുന്നതിനും പുനരധിവാസ മേഖലകൾ തിരിച്ചറിയുന്നതിനും ഗവേഷകർക്ക് ഉയർന്ന റെസല്യൂഷനിലുള്ള ഭൂപ്രദേശ ഡാറ്റ അടക്കമുള്ള ബഹിരാകാശ അധിഷ്ഠിത വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ഐഎസ്ആർഒയുടെ പിന്തുണ ചർച്ചയിൽ സോമനാഥ് ഉറപ്പുനൽകി.
അണക്കെട്ടുകളിലെ ചെളിയുടെ വ്യാപ്തിയും സ്വഭാവവും പഠിക്കേണ്ടതിന്റെ ആവശ്യകതയും പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്‌ക്കുന്നതിന് ചെളിയുടെ സാധ്യമായ വിനിയോഗം വിലയിരുത്തേണ്ടതിന്റെ ആവശ്യകതയും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: