പത്തനംതിട്ട: ഓട അലൈന്മെന്റ് തര്‍ക്കത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു. എന്നാല്‍ ഈ വേളയില്‍ സമീപത്തെ കോണ്‍ഗ്രസ് ഓഫീസിന്റെയും മുന്‍വശം അളക്കാന്‍ ശ്രമം നടത്തിയ ജോര്‍ജ് ജോസഫിന്റെ നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
മന്ത്രിയുടെ ഭര്‍ത്താവിനെ അളക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലപാടെടുത്തു.വാക്കേറ്റവും ഉന്തും തളളുമുണ്ടായി. റവന്യൂ അധികൃതര്‍ മേഖലയിലെ പുറമ്പോക്കും റോഡും അളക്കവെ സമാന്തരമായി ജോര്‍ജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെയാണ് കൊടുമണ്ണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.
റോഡ് അളക്കേണ്ടത് റവന്യൂ അധികൃതരാണെന്നും മന്ത്രിയുടെ ഭര്‍ത്താവ് അല്ലെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത് .പന്ത്രണ്ട് മീറ്റര്‍ വീതി ആവശ്യമുളളിടത്ത് 17 മീറ്റര്‍ വീതിയാണ് തന്റെ കെട്ടിടത്തിന് സമീപത്ത് റോഡിനുള്ളതെന്നും ഓടയുടെ അലൈന്മെന്റ് മാറ്റിയത് താനിടപെട്ടിട്ടല്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.
പത്തനംതിട്ട കൊടുമണ്ണിലെ ഓട അലൈന്മെന്റ് തര്‍ക്കത്തില്‍ മേഖലയിലെ പുറമ്പോക്ക് റവന്യൂ അധികൃതര്‍ അളന്നു തുടങ്ങിയത് മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ പരാതിയിലാണ്. ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന്റെ മുന്നില്‍ ഓടയുടെ ഗതി മാറ്റിയെന്ന വിവാദത്തിന്റെ തുടര്‍ച്ചയാണ് നടപടികള്‍ . വാഴവിള പാലം മുതല്‍ കൊടുമണ്‍ പഴയ പൊലീസ് സ്റ്റേഷന് വരെയാണ് അളക്കുന്നത്.
കൊടുമണ്ണിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് കൈയേറി നിര്‍മ്മിച്ചെന്നാണ് മന്ത്രി വീണാ ജോര്‍ജും ഭര്‍ത്താവും ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: