ആലുവ: കഴിഞ്ഞ ദിവസം അരക്കോടി രൂപയിലേറെ വിലവരുന്ന എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ കസ്റ്റമേഴ്സ് എല്ലാം കൊച്ചിയിലെ യുവാക്കൾ. ബംഗളൂരു മുനേശ്വരനഗറിൽ സർമീൻ അക്തർ എന്ന ഇരുപത്താറുകാരിയാണ് ആലുവ റയിൽവെസ്റ്റേഷനിൽവച്ച് പിടിയിലായത്. സ്ഥിരമായി ബെംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും യുവാക്കൾക്ക് കൈമാറുകയുമായിരുന്നു യുവതിയുടെ രീതി.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്നാണ് യുവതിയെ അറസ്റ്റുചെയ്തത്. സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് യുവതി എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഡൽഹിയിൽ നിന്നാണ് യുവതി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. ട്രെയിനിലാണ് യാത്ര. ആർക്കും സംശയം തോന്നാതെ തന്റെ ഇടപാടുകാർക്ക് അന്നുതന്നെ ലഹരി കൈമാറും. പിറ്റേദിവസം തന്നെ ട്രെയിനിൽ മടങ്ങിപ്പോകുകയും ചെയ്യും. കൊച്ചിയിൽ നിരവധി യുവാക്കൾ യുവതിയുടെ കസ്റ്റമേഴ്സായുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. അനിൽ, ആലുവ ഡിവൈ.എ.സ്.പി എ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഒരു കിലോ എംഡിഎംഎയാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. മാർക്കറ്റിൽ അരക്കോടി രൂപയിലേറെയാണ് ഇതിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: