ചരിത്രത്തില്‍ ആദ്യമായി ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന് വേദിയാകാന്‍ അവസരം ലഭിച്ച അമേരിക്കയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇനി വരുന്നത് ഗൗരവമേറിയ സൂപ്പര്‍ എട്ട് കളികളാണ്. ഇതുവരെ നടന്ന പ്രാഥമിക റൗണ്ട് കളികളും ഗൗരവമര്‍ഹിക്കുന്നത് തന്നെ, പക്ഷെ ചില പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. അതിനാലാണ് ലോകോത്തര നിലവാരത്തിലുള്ള പിച്ചുകളില്ലാഞ്ഞിട്ട് കൂടി ആദ്യ ഘട്ടത്തിലെ 40ല്‍ 16 മത്സരങ്ങളും ഇവിടെ നടത്തിയത്. ടെക്‌സസിലെ ഡല്ലസിലും ഫ്‌ളോറിഡയിലെ ലോദര്‍ഹില്ലിലും ന്യൂയോര്‍ക്ക് നഗരം എന്നീ മൂന്ന് വേദികളിലായാണ് ഇവിടെ നിശ്ചയിച്ച മത്സരങ്ങള്‍ കളിച്ചുതീര്‍ത്തത്. കനത്ത മഴയില്‍ ഫ്‌ളോറിഡ പ്രദേശത്തിന്റെ പല ഭാഗത്തും പ്രളയ സമാനമായി മാറിയതോടെ ലോദര്‍ഹില്ലിലെ പല മത്സരങ്ങളും നടന്നില്ല. പിച്ചുകളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിക്കൊപ്പം അഥയ കളിക്കപ്പുറം മറ്റ് പല ഘടകങ്ങളെ കൂടി ആശ്രയിച്ചാണ് 20 ടീമുകളില്‍ നിന്ന് എട്ട് ടീമുകല്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. ഫ്‌ളോറിഡയില്‍ പെയ്ത മഴ പല വമ്പന്‍ ടീമുകളുടെയും സ്വപ്‌നങ്ങള്‍ തകര്‍ത്തു. ജയം ഉറപ്പിക്കാവുന്ന മത്സരങ്ങള്‍ ടോസ് പോലും നിര്‍ണയിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടവന്നു. ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള കളി നടക്കാതിരുന്നത് തന്നെ വലിയ ഉദാഹരണം. ഇങ്ങനെ പല വമ്പന്‍മാര്‍ക്കും മഴ പണികൊടുത്തു.
ഇതിനൊപ്പം ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ പിച്ചും പ്രധാന റോള്‍ കൈകാര്യം ചെയ്തു. കാര്യമായി സ്‌കോര്‍ നേടാനാകാതെ ബാറ്റര്‍മാരുടെ മനംമടുപ്പിക്കുന്ന വില്ലനായി മാറുകയായിരുന്നു ഈ പിച്ച്. അതിന്റെ തീവ്രത തിരിച്ചറിയാന്‍ ഭാരതവും പാകിസ്ഥാനും തമ്മിലുള്ള മത്സര കണക്ക് മാത്രം പരിശോധിച്ചാല്‍ മതിയാകും. ആദ്യം ബാറ്റ് ചെയ്ത ഭാരതം 119 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറും കളിച്ചിട്ട് 112 റണ്‍സില്‍ എത്താനേ സാധിച്ചുള്ളൂ.
ഇനി ഈ ലോകകപ്പില്‍ അവശേഷിക്കുന്നത് 15 മത്സരങ്ങളാണ്. അതില്‍ 14 എണ്ണവും സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഒടുവില്‍ ജേതാക്കളെ നിര്‍ണയിക്കുന്ന ഫൈനല്‍. ഈ മത്സരങ്ങളെല്ലാം കരീബിയന്‍ ദ്വീപുകളിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക