ആലപ്പുഴ: സിപിഎമ്മിന്റെ വഴി പിഴച്ച പോക്കിനെതിരെ പ്രതികരിച്ച മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം.
കെ.ആര് ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് ആലപ്പുഴയിലെ പൊതുസമൂഹത്തിന് അറിയാമെന്നും അത് നോക്കിപ്പോയാല്‍ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി അംഗത്വത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് സുധാകരന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സുധാകരന്റെ മോദി പ്രശംസ അത്ഭുതകരമാണെന്നും സലാം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഉണ്ടായ പരാജയത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സുധാകരന് രംഗത്തുവന്നിരുന്നു. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സലാമിന്റെ പ്രതികരണം.
ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് കെ.ആര് ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോയ സമയത്തായിരുന്നു. ആലപ്പുഴയിലെ പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരാണെന്ന് കൃത്യമായി അറിയാം. പാര്‍ട്ടി അംഗത്വമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഒരുകാലത്തും പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ചിട്ടില്ല.
ആലപ്പുഴ ജില്ലയില്‍ നിന്ന ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. വ്യക്തി എന്ന നിലയില്‍ അളന്നുനോക്കിയാല്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചതുപോലെ മറ്റാരെയും പരിഗണിച്ചിട്ടില്ലെന്നും എച്ച്. സലാം പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരാണ് പൊളിറ്റിക്കല്‍ ക്രിമിനലുകളെന്നും സലാം പറഞ്ഞു. സുധാകരന് തുടര്‍ച്ചയായി തുറന്നു പറച്ചിലുകള്‍ നടത്തുന്ന സാഹചര്യത്തിലാണ് സലാമിന്റെ ഒളിയമ്പ്.
ജി. സുധാകരനെ പാര്‍ട്ടി അവഗണിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി ആര്. നാസറും മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന എച്ച്. സലാമിന്റെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി സുധാകരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
സലാമിന്റെ പരാതി അന്വേഷിച്ച എളമരം കരീം, തെളിവു നല്‍കാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം സുധാകരന് വിമര്‍ശനം ഉന്നയിച്ചിരുന്നു. സുധാകരന് ഒരു ഭാഗത്തും പ്രബല വിഭാഗം മറുഭാഗത്തും എന്ന നിലയിലാണ് പോരു മുറുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: