ചണ്ഡീഗഢ്: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ കിരണ്‍ ചൗധരിയുടെ മകളും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ശ്രുതി ചൗധരിയും ബിജെപിയിലേക്ക്. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ അമ്മ കിരണ്‍ ചൗധരിയ്ക്കൊപ്പം ശ്രുതി ചൗധരിയും ബിജെപിയില്‍ ചേരും. ഹരിയാന കോണ്‍ഗ്രസിലെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനവും ശ്രുതി ചൗധരി രാജിവെച്ചു.
മുന്‍ ഹരിയാനമുഖ്യമന്ത്രിയും കരുത്തുറ്റ കോണ്‍ഗ്രസ് നേതാവുമായ ബന്‍സിലാലിന്റെ മരുമകളായ കിരണ്‍ ചൗധരിയുടെ മകളാണ് എന്ന പ്രത്യേകതയും ശ്രുതി ചൗധരിയ്ക്കുണ്ട്. പാരമ്പര്യം അവകാശപ്പെടാവുന്ന ശക്തമായ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വരുന്ന കോണ്‍ഗ്രസ് യുവ നേതാവാണ് മുന്‍ എംപിയായ ശ്രുതി ചൗധരി. ഹരിയാന കോണ്‍ഗ്രസില്‍ ഇപ്പോള്‍ ശക്തനായ ഭൂപീന്ദര്‍ ഹുഡയുടെയും മകന് ദീപേന്ദര്‍ സിങ്ങ് ഹുഡയുടെയും ആധിപത്യത്തിനെതിരെ പൊരുതുന്ന നേതാക്കളാണ് ശ്രുതി ചൗധരിയും അമ്മ കിരണ്‍ ചൗധരിയും. ഇക്കുറി ഭൂപീന്ദര്‍ ഹുഡയ്ക്ക് താല്പര്യമുള്ളവരെ മാത്രമാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. 2009ല്‍ ജയിച്ച മഹേന്ദര്ഗര് ലോക് സഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ ശ്രുതി ചൗധരിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഭൂപീന്ദര്‍ ഹുഡ സീറ്റ് നല്‍കിയില്ല. പകരം മഹേന്ദര്ഗര് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത് എംഎല്‍എ റാവു ദന് സിങ്ങിനെയാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു. തോല്‍വിക്ക് കാരണം കിരണ്‍ ചൗധരിയും ശ്രുതി ചൗധരിയും ആണെന്ന് കോണ്‍ഗ്രസ് എംഎല്‍എ റാവു ദന് സിങ്ങ് ആരോപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് കാരണമായി. ശ്രുതി ചൗധരിയോടൊപ്പം അമ്മയും അഞ്ച് തവണ കോണ്‍ഗ്രസ് എംഎല്‍എയുമായ കിരണ്‍ ചൗധരിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസിന് കനത്ത ആഘാതമായിരിക്കുകയാണ് ശ്രുതി ചൗധരിയുടെയും അമ്മ കിരണ്‍ ചൗധരിയുടെയും നഷ്ടം. കോണ്‍ഗ്രസിന് ഹരിയാനയില്‍ യാതൊരു ഭാവിയുമില്ലെന്ന് ശ്രുതി ചൗധരി പറഞ്ഞു. “ആത്മാര്‍ത്ഥതയുള്ള വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ല. ചിലരുടെ സ്വകാര്യ സാമ്രാജ്യമായി കോണ്‍ഗ്രസ് മാറുകയാണ്. “- ശ്രുതി ചൗധരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: