ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റിന് മുമ്പ് 12 ബിആര്‍എസ് എംഎല്‍എമാരെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നത്.
ജൂലൈ രണ്ടാംവാരം നടക്കാനിരിക്കുന്ന ബജറ്റിന് മുമ്പ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് രേവന്ത് റെഡ്ഡിയുടെ വിശ്വസ്തനായ നേതാവ് നീക്കം നടത്തുന്നത്. പല എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനമടക്കം വാഗ്ദാനം ചെയ്തിട്ടുള്ളതായിട്ടാണ് പുറത്തുവരുന്ന വിവരം. ഇതിനിടയില്‍ എംഎല്‍എമാരെ പിടിച്ചുനിര്‍ത്തുന്നതിനായി അനുനയ ശ്രമം ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവു തുടങ്ങിയിട്ടുണ്ട്.
കരിംനഗര്‍, നിസാമാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. നിസാമാബാദില്‍നിന്നുള്ള എംഎല്‍എ മകനുവേണ്ടിയാണ് സ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചന. നാഗര്‍കര്‍ണൂല്‍ ലോക്സഭാ മണ്ഡലത്തിന് കീഴില്‍വരുന്ന രണ്ട് മണ്ഡലങ്ങളിലെ എംഎല്‍എമാരെയും മേധക്കില്നിന്ന് മൂന്ന് എംഎല്‍എമാരെയും കോണ്‍ഗ്രസില്‍ എത്തിക്കാനാണ് ശ്രമം.
119 അംഗ നിയമസഭയിലേക്ക് കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 64 സീറ്റുകളിലും ബിആര്‍എസ് 39 സീറ്റുകളിലും ബിജെപി എട്ടിടത്തും വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: