തിരുവനന്തപുരം: പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കും. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണൻ, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്.
കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകൾ പകരമായി ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവിലെ നിർദേശം.
‘കോളനി എന്ന പേരുമാറ്റം നേരത്തെ മുതല്‍ ആഗ്രഹിച്ചതാണ്. അടിമത്തത്തിന്റെ ചിഹ്നമാണ് കോളനി. ബ്രിട്ടന്റെ കോളനിയായിരുന്നു ഇന്ത്യ. പേരുമാറ്റം നിരവധി ഘട്ടത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഓരോ പ്രദേശത്തും ഇഷ്ടമുള്ള പേര് നിര്‍ദേശിക്കാം. വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കാം. നിലവില്‍ ഉള്ളതാണെങ്കില്‍ അതിനൊപ്പമുള്ള കോളനി എന്ന പദം ഒഴിവാക്കാം.’ കെ രാധാകൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക