കോട്ടയം : ആഗോള ക്രൈസ്തവരുടെ ആത്മീയ നേതാവായ മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ പോലും അത്യന്തം നിന്ദാപരമായി ചിത്രീകരിക്കുന്നത് ഇടതു വലതുമുന്നണികളിൽ പിടിമുറുക്കിയ പിഎഫ്എ പോലുള്ള ദേശവിരുദ്ധ ശക്തികളാണെന്ന് ബിജെപി മധ്യ മേഖല പ്രസിഡൻ്റ് എൻ. ഹരി ആരോപിച്ചു.
ഓരോ ക്രൈസ്തവ വിശ്വാസിയുടെയും ആത്മസായൂജ്യമാണ് മാർപാപ്പയുടെ സാന്നിധ്യം. ഫ്രാൻസിസ് മാർപാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുന്നതിനും കൂടിയാണ് പ്രധാനമന്ത്രി ഈ കൂടിക്കാഴ്ച ഉപയോഗപ്പെടുത്തിയത്.
ഭാരത മണ്ണിൽ മാർപാപ്പയുടെ പര്യടനം ക്രൈസ്തവ വിശ്വാസികളുടെ എന്നുമുള്ള പ്രാർത്ഥനയാണ്. അത്തരം ഒരു കൂടിക്കാഴ്ചയെയാണ് കോൺഗ്രസിന്റെ സൈബർ വിഭാഗം ആക്ഷേപിച്ചിരിക്കുന്നത്. ഇരു മുന്നണികളിലും കരുത്താർജിക്കുന്ന തീവ്ര വർഗീയ വിഭാഗങ്ങൾ ഇത് പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഹരി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് കോൺഗ്രസ് വിജയിച്ചത്. ഇടതുമുന്നണി വർഗീയത ആളിക്കത്തിക്കുകയും ചെയ്തു. ഇൻഡി ബ്ലോക്കിന് കീഴിലുള്ള ഇരു മുന്നണികളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളായി മാറിയിരിക്കുകയാണ്. അതിതീവ്രവർഗീയതയെ അവർ പാലൂട്ടി വളർത്തുന്നുണ്ടെന്നും ഹരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: