കൊല്ലം: ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശി ജൈനു (58) ആണ് മരിച്ചത്. കാറില്‍ നിന്ന് ലഭിച്ച തെളിവുകളും ശാസ്ത്രീയ പരിശോധനകളും പരിശോധിച്ചാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്നലെ വൈകിട്ടാണ് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ കാര്‍ കത്തി ഇയാള്‍ മരിച്ചത്. ദേശീയപാതയുടെ മധ്യത്തില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥയിലുള്ള കാറാണെന്ന് ആദ്യം തന്നെ സ്ഥിരീകരിച്ചിരുന്നു. തുടക്കത്തില്‍ സ്ത്രീയാണ് മരിച്ചതെന്ന തരത്തിലാണ് സംശയം ഉയര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ദേഹത്തും കാറിലും പെട്രോള്‍ ഒഴിച്ച് കത്തിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണമായും കത്തിയതിനാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കുടുംബ പ്രശ്നങ്ങളിലേക്കും പൊലീസ് അന്വേഷണം നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: