തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തിലെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വച്ചുള്ള ചീട്ടുകളിയില്‍ ചീട്ടുകളി സംഘത്തില്‍ നിന്നും 5.59 ലക്ഷം രൂപ പിടിച്ചെടുത്ത കേസില്‍ നിസ്സാര വകുപ്പിട്ട് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
പോലീസ് ഒത്തുകളിയില്‍ കുറ്റം സമ്മതിച്ച് പിഴയൊടുക്കാന്‍ പ്രതികളുടെ ഹര്‍ജി. 11 പ്രതികള്‍ക്കും 750 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം 15 ദിവസം തടവ് അനുഭവിക്കാനും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പിഴയൊടുക്കി തലയൂരി പ്രതികള്‍ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി. ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തില്‍ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. എഫ്ഐആറില്‍ അച്ഛന്റെ പേര് മാറ്റി രേഖപ്പെടുത്തി. കൂടാതെ ഗൗരവമേറിയ കുറ്റകൃത്യം നടന്നിട്ടും പിഴയടച്ച് തടിയൂരാവുന്ന പെറ്റി കുറ്റകൃത്യങ്ങളായ 1960 ലെ കേരളാ ഗെയിമിംഗ് നിയമത്തിലെ 7,8,9 എന്നീ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2023 ഒക്ടോബര്‍ 2 രാത്രി ഏഴര മണിയോടെയാണ് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും പണം വച്ച് ചീട്ടുകളിച്ച 11 പേരെയാണ് സിറ്റി മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. 5.59 ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തത്. ക്ലബ്ബിലെ ഏറ്റവും പുറകിലെ അഞ്ചാംനമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ പണംവച്ച് ചീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. വിനയകുമാറിനെ കൂടാതെ പത്തനംതിട്ട സ്വദേശി അഷ്റഫ്, കോട്ടയം സ്വദേശി സിബി ആന്റണി, കവടിയാര്‍ സ്വദേശി സീതാറാം, കോട്ടയം സ്വദേശി മനോജ്, ചിറയിന്‍കീഴ് കുന്നുംപുറം സ്വദേശി വിനോദ്, കീഴാറ്റിങ്ങല്‍ സ്വദേശി ഷിയാസ്, തിരുവനന്തപുരം കുന്നുകുഴി സ്വദേശി അമല്‍, വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ശങ്കര്‍, അജിത്കുമാര്‍ മൂര്‍ത്തി, കെ.എസ്. സേതുനാഥ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും മ്യൂസിയം പോലീസ് പരിശോധിച്ചു.
മുറി എടുത്തത് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണെന്ന് പോലീസിന് തെളിവും ലഭിച്ചു. ഒന്നാം പ്രതി വിനയകുമാറാണ്. എന്നാല്‍ എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയപ്പോള്‍ വിനയകുമാറിന്റെ അച്ഛന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയത്. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നാണ് പോലീസ് ഭാഷ്യം. ആദ്യം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനാണെന്നും പേരും തെറ്റായാണ് പറഞ്ഞതെന്നുമാണ് ന്യായീകരണം. അത് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത് വിനയകുമാറിനെ രക്ഷിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം ഉയര്‍ന്നത്.
അതേസമയം മുറിയെടുത്തത് വിനയകുമാറാണെന്ന് ട്രിവാന്‍ഡ്രം ക്ലബ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ക്ലബില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്പറായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളില്‍ ഒരാളായ മാനേജിങ് ഡയറക്ടര്‍ വിനയകുമാര്‍ എസ്.ആര്. ആണ് മുറിയെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: