കുവൈറ്റിലെ ദുരന്തം ഒരുപക്ഷേ മലയാളി സമൂഹം അന്താരാഷ്‌ട്രതലത്തില്‍ തന്നെ നേരിട്ട സമീപകാലത്തെ ഏറ്റവും വലിയ അപകടമാണ്. 46 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേരാണ് മരണമടഞ്ഞത്. 24 പേര്‍ മലയാളികള്‍. ഈ ദുരന്തത്തോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനവും നിലപാടും പെരുമാറ്റരീതിയും കേരളത്തിലെ പൊതുസമൂഹം വിലയിരുത്തേണ്ടതാണ്. ഏതു ദുരന്തങ്ങളെയും പ്രശ്നങ്ങളെയും ഒരു ഷോയായി അല്ലെങ്കില്‍ ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ കൊണ്ട് സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റാനുള്ള, പൂര്‍ണ്ണ പരാജയത്തില്‍ എത്തിയ ഒരു ഭരണകൂടത്തിന്റെ തത്രപ്പാടും പരക്കംപാച്ചിലും കാട്ടിക്കൂട്ടലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ അപകട സ്ഥലത്തേക്ക് ഏതാണ്ട് ഉച്ചയോടെ ദല്‍ഹിയില്‍ നിന്ന് കേന്ദ്ര മന്ത്രി കീര്‍ത്തി വര്‍ദ്ധന്‍സിംഗ് എത്തി. അവിടെ ആശുപത്രിയിലുള്ള പരിക്കേറ്റവരെ സന്ദര്‍ശിച്ചു. അടിയന്തിര ചികിത്സാസഹായത്തിനും മറ്റു കാര്യങ്ങള്‍ സജ്ജമാക്കാനും എംബസിയിലെ ഉദ്യോഗസ്ഥന്മാരെ ഏര്‍പ്പാടാക്കി. അവിടുത്തെ ഭാരതീയസംഘടനകളുടെ ഭാരവാഹികളുമായും കുവൈറ്റിലെ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 45 മൃതദേഹം കൊണ്ടുവന്നു. താനാണിത് ചെയ്തതെന്നോ താനാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്നോ ഭാരതസര്‍ക്കാര്‍ പ്രത്യേക വ്യോമസേന വിമാനം അയച്ചെന്നോ ഒരു കാര്യവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊട്ടിഘോഷിക്കാനും പേരെടുക്കാനുമുള്ള ഒരു ശ്രമവും കേന്ദ്രമന്ത്രിയില്‍ നിന്നോ കേന്ദ്രസര്‍ക്കാരില്‍ നിന്നോ ഉണ്ടായില്ല.
ദുരന്ത ഭൂമിയിലേക്ക് ആശ്വാസവുമായി ഓടിയെത്താനും മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും കാര്യങ്ങള്‍ അതിവേഗം വളരെ കൃത്യതയോടെ ചെയ്യാനുമുള്ള ആസൂത്രിതവും പ്രൊഫഷണലായുമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുമ്പോള്‍ അതില്‍ തരിമ്പ് പോലും രാഷ്‌ട്രീയം ഉണ്ടായിരുന്നില്ല. കേരളത്തില്‍ ഇതിന്റെ പേരില്‍ എന്തെങ്കിലും ഒരു രാഷ്‌ട്രീയക്കളിയോ നാടകമോ ഉണ്ടാക്കാനും ആലോചിച്ചിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ മലയാളികളായ രണ്ടു കേന്ദ്രമന്ത്രിമാരില്‍ നിന്ന് സുരേഷ് ഗോപിയെയോ ജോര്‍ജ് കുര്യനെയോ അവിടേക്ക് അയക്കാമായിരുന്നു. അതിനുപകരം വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗിനെ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കുവൈറ്റിലേക്ക് അയച്ചത്. ഈ പ്രൊഫഷണലിസവും കൃത്യതയുമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സര്‍ക്കാരും പഠിക്കേണ്ടത്. അപകടമുണ്ടായി മണിക്കൂറുകള്‍ക്കകം അതിന്റെ ഗൗരവവും ഗുരുതരാവസ്ഥയും കണക്കിലെടുത്ത് ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിമാരോ രാഷ്‌ട്രീയ നേതാക്കളോ ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ വളരെ കൃത്യമായി കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തു. ആശുപത്രിയില്‍ ഉള്ളവരുടെ ചികിത്സയ്‌ക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിന് ഒപ്പം പ്രത്യേക വ്യോമസേനാ വിമാനം അയച്ച് അതില്‍ മൃതദേഹം കൊണ്ടുവരാനും അത് ഏതൊക്കെ സ്ഥലങ്ങളില്‍ ഇറക്കാനും മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കാനും ഒക്കെയുള്ള പ്ലാന്‍ ഉടന്‍ തന്നെ തയ്യാറാക്കി.
അതേസമയം കേരളം എന്താണ് ചെയ്തത്? അപകടമുണ്ടായി മന്ത്രിസഭായോഗം ചേര്‍ന്നു രാത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുവൈറ്റിലേക്ക് അയക്കാന്‍ തീരുമാനിച്ചു. അതിനുശേഷം കേന്ദ്ര മന്ത്രിസഭയുടെ അനുവാദം തേടി കത്തയച്ചു. കത്തിന് മറുപടി വരുന്നതിനു മുമ്പ് തന്നെ പെട്ടിയും തൂക്കി മന്ത്രി വിമാനത്താവളത്തില്‍ എത്തി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല ഉത്തരവ് സമയത്ത് കിട്ടാത്തത് കൊണ്ട് മന്ത്രി വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. രാത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് പുറപ്പെട്ടിരുന്നെങ്കില്‍ പോലും പുലര്‍ച്ചെ രണ്ടരയോടെ മാത്രമാണ് അവര്‍ കുവൈറ്റില്‍ എത്തുക. ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള മൃതദേഹം കയറ്റുന്നത് അടക്കമുള്ള മറ്റു കാര്യങ്ങള്‍ പുലര്‍ച്ചെ മൂന്നു മുപ്പതിന് ആരംഭിക്കും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. പിന്നെ ഈ സമയത്ത് അവിടെയെത്തി മന്ത്രി എന്ത് കോഡിനേഷന്‍ ആണ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. അതേസമയം ചികിത്സയിലുള്ളവരുടെ കാര്യങ്ങള്‍ക്കും മറ്റും സമയം ചെലവഴിക്കുന്ന എംബസി ഉദ്യോഗസ്ഥന്മാര്‍ക്ക് മന്ത്രിയുടെ പിന്നാലെ നടക്കേണ്ടിവരും എന്നതൊഴിച്ചാല്‍ എന്തെങ്കിലും പ്രയോജനം ഉണ്ടായിരുന്നെങ്കില്‍ മന്ത്രി പോയതുകൊണ്ട് കാര്യമുണ്ടായിരുന്നു.
മൃതദേഹവുമായി വന്ന വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി അനുമതി നിഷേധിച്ചതു സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് പറഞ്ഞത്. പക്ഷേ, അത് വിവാദമാക്കി നേട്ടം കൊയ്യാന്‍ ഒരു വിഫലശ്രമം നടത്തിയത് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിലായിരുന്നു. മന്ത്രി വീണാ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ചത് ഔചിത്യമില്ലായ്മ ആയിരുന്നു എന്നാണ് മുഖ്യമന്ത്രി പ്രധാനമായും പറഞ്ഞത്. ഒപ്പം അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം നാടിന്റെ സംസ്‌കാരമാണ് സംഭവസ്ഥലത്തേക്ക് പോകുക എന്നതും മരിച്ച വീട്ടില്‍ പോകുന്നത് ആശ്വസിപ്പിക്കാനാണ് എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ബാക്കി 19 മന്ത്രിമാരും ചീഫ് വിപ്പും അടക്കം 20 ക്യാബിനറ്റ് പദവിയുള്ളവര്‍ എന്തുകൊണ്ട് ഈ മരിച്ചവരുടെ വീടുകളില്‍ പോയില്ല. മൃതദേഹം കൊണ്ടുവന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന് സര്‍ക്കാര്‍ ചെലവില്‍ ഒരു പുഷ്പചക്രം വച്ച് തല ഊരിയ മുഖ്യമന്ത്രിയും പരിവാരങ്ങളും തലസ്ഥാനത്തേക്ക് മടങ്ങി ലോക കേരളസഭ നടത്തുകയായിരുന്നു. മരണമടഞ്ഞ 24 മലയാളികളുടെ മൃതദേഹം നെഞ്ചില്‍ എരിയുന്ന കനലോടെ ജന്മനാടുകള്‍ ഏറ്റുവാങ്ങി പൊതുദര്‍ശനവും സംസ്‌കാരവും നടത്തുമ്പോള്‍ അതേ പ്രവാസികളെവച്ച് ലോക കേരളസഭ എന്ന ആഭാസ നാടകം നടത്താന്‍ അല്പംപോലും ലജ്ജയും ഔചിത്യവും ഇല്ലാത്ത മുഖ്യമന്ത്രി എങ്ങനെയാണ് വീണാ ജോര്‍ജിന് അനുമതി കൊടുത്തില്ല എന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുക.
ഭാരതത്തിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാണ് കുവൈറ്റില്‍ മരിച്ചത്. ഈ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ കുവൈറ്റിലേക്ക് എത്തിയാല്‍ എന്തായിരിക്കും അവസ്ഥ. ഇവര്‍ക്കൊക്കെ സുരക്ഷ ഒരുക്കാനും ആഥിത്യമരുളാനും യാത്രാസൗകര്യങ്ങള്‍ ഒരുക്കാനും എത്ര ആള്‍ക്കാര്‍ എംബസികളില്‍ വേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ ഏകോപിപ്പിക്കാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും കേരളത്തിന്റെ പ്രതിനിധി പോകണം എന്ന് ആവശ്യപ്പെടാം. ഇവിടെ എല്ലാ കാര്യങ്ങളും ആസൂത്രിതമായി പ്രൊഫഷണല്‍ രീതിയില്‍ ചെയ്യുമ്പോള്‍ അവിടെ പേരെടുക്കാനും രാഷ്‌ട്രീയ നേട്ടം കൊയ്യാനും ഒരു മന്ത്രിയെ അയയ്‌ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. ഇങ്ങനെ ഒരാളെ അയക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാനോ ബന്ധപ്പെടാനോ മുഖ്യമന്ത്രി പിണറായി വിജയനോ അല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരോ തയ്യാറായിരുന്നോ? ഇത്രയും ഗുരുതരമായ ഒരു സംഭവവികാസം ഉണ്ടാകുമ്പോള്‍ അവിടെ രാഷ്‌ട്രീയം കളിക്കുന്നതിന് പകരം കേരളം ഒത്തൊരുമിച്ച്‌നിന്ന് കുവൈറ്റ് തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വീട്ടുകാര്‍ക്ക് ആശ്വാസം നല്‍കാനും സഹായം എത്തിക്കാനും ചികിത്സയിലുള്ളവര്‍ക്ക് കഴിയാവുന്നത്ര സഹായം ചെയ്യാനുമാണ് ശ്രമിക്കേണ്ടത്.
കേരളത്തില്‍നിന്ന് രണ്ട് കേന്ദ്രമന്ത്രിമാരുണ്ട്. കൂടാതെ മുന്‍ വിദേശകാര്യ സഹമന്ത്രി യും കേരളത്തിലുണ്ട്. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ സഹായം തേടാനും കാര്യങ്ങള്‍ ചെയ്യാനും ഇവരെ ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നു. പക്ഷേ ഇവരെ ആരെയും ബന്ധപ്പെടാന്‍ അല്ലെങ്കില്‍ കൂടിയാലോചിക്കാന്‍ തയ്യാര്‍ ഇല്ലാതെ ധാര്‍ഷ്ട്യത്തിന്റെ രാഷ്‌ട്രീയം പയറ്റാന്‍ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടാളികളുടെയും ശ്രമം. ഏതു സംഭവങ്ങളിലും രാഷ്‌ട്രീയനേട്ടം കൊയ്യാനും രാഷ്‌ട്രീയമായി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നത് രാഷ്‌ട്രീയപാര്‍ട്ടികളുടെ സംസ്‌കാരമാണ്. പക്ഷേ ദുരന്തമുഖങ്ങളില്‍ ഒരു നാടു മുഴുവന്‍ കണ്ണീരില്‍ അലിയുമ്പോള്‍ അവിടെ പോലും രാഷ്‌ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത് ശരിയാണോ? അല്പമെങ്കിലും ഔചിത്യവും അന്തസ്സും ഉണ്ടെങ്കില്‍ പ്രവാസികള്‍ക്ക് വേണ്ടി എന്നുപറഞ്ഞ് നടത്തിയ ലോക കേരളസഭ റദ്ദാക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍ ഇതേക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. നാലു കോടി രൂപ ചെലവില്‍ ഈ മാമാങ്കം തലസ്ഥാനത്ത് അരങ്ങേറുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റില്‍ ഉണ്ടായത്. മലയാളി വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും ആസാദ് മൂപ്പനും ലോക കേരളസഭയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. പ്രവാസ ലോകത്തെ മുഴുവന്‍ മലയാളികളും ഭാരതീയരും ഭാരതത്തില്‍ ഉടനീളമുള്ള ജനങ്ങളും ദുരന്തത്തില്‍ ദുഃഖിക്കുമ്പോള്‍ അവരുടെ പേരില്‍ കേരളത്തില്‍ ഇങ്ങനെയൊരു ആഘോഷം നടത്തിയവര്‍ക്ക് എങ്ങനെയാണ് ഔചിത്യം എന്ന വാക്ക് ഉപയോഗിക്കാനാവുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയമാണെന്ന് പോരാളി ഷാജിയുടേതു മുതലുള്ള നൂറുകണക്കിന് പ്രതികരണങ്ങള്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കാതിരിക്കാന്‍ ആവില്ല. 24 പ്രവാസികളുടെ ചിത കേരളത്തില്‍ എരിയുമ്പോള്‍ പ്രവാസികളുടെ പേരില്‍ ഒരു കേരളസഭ തട്ടിക്കൂട്ടി കോടിക്കണക്കിന് രൂപ അതിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്ന, അല്പത്തത്തിന് കാരണഭൂതനായ മുഖ്യമന്ത്രീ, ഔചിത്യം വേണ്ടത് അങ്ങേയ്‌ക്കാണ്. ലോക കേരളസഭ റദ്ദാക്കിയതിനു ശേഷം ബാക്കിയുള്ള തുക ഈ 24 കുടുംബങ്ങള്‍ക്കും കുവൈറ്റില്‍ ചികിത്സയിലുള്ളവര്‍ക്കും കൂടി കൊടുത്തിരുന്നെങ്കില്‍ അതൊരു മാതൃകയാകുമായിരുന്നു. യൂസഫലിയും രവി പിള്ളയും ആസാദ് മൂപ്പനും കാണിച്ച ഔചിത്യം എങ്കിലും മുഖ്യമന്ത്രിക്ക് വഴികാട്ടേണ്ടതായിരുന്നു. ഓഫീസ് നിറയെ ഉപദേഷ്ടാക്കളെ വെച്ചിട്ട് കാര്യമില്ല. കാര്യവിവരവും യുക്തിബോധവും ജനഹൃദയവും അറിയുന്ന ആളുകളെ ഉപദേഷ്ടാക്കളാക്കിയിരുന്നെങ്കില്‍ ഇന്നത്തെ ഗതികേട് പിണറായിക്ക് ഉണ്ടാകുമായിരുന്നില്ല. എരിയുന്ന ചിതയ്‌ക്കൊപ്പം കേരളം കണ്ണീര്‍ കടലായപ്പോള്‍ അതേസമയത്ത് തന്നെ ലോക കേരള സഭയുടെ ഉദ്ഘാടനം നടത്തി കേന്ദ്രത്തെ വിമര്‍ശിക്കാന്‍ ശ്രമിച്ച ആ രാഷ്‌ട്രീയ മൂര്‍ഖത കേരളം തിരിച്ചറിയുന്നു. ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്ത കെടുതിയിലേക്കാണ് മുഖ്യമന്ത്രി പോകുന്നതെന്ന് ഏതെങ്കിലും ഉപദേശി പറഞ്ഞുകൊടുത്താല്‍ നന്നാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: