മലപ്പുറം: എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഇ ഡി അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാന ആദായനികുതി വകുപ്പ് ഇപ്പോള്‍ നടപടി പുനഃരാരംഭിച്ചത്.
ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ. ബാവ അടക്കം 16 പേര്‍ക്കാണ് നോട്ടീസ്. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നികുതിയും കുടിശ്ശികയും ഉടന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
എആര്‍ നഗര്‍ സഹ. ബാങ്ക് ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കഴിഞ്ഞദിവസം ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പരാതികളില്‍ നടപടിയില്ലെന്ന് പറഞ്ഞ് നിക്ഷേപകനായ ഫൈസല്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഇതോടെ ഇ ഡി അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി. 2022 മുതല്‍ ലീഗ് നേതാക്കള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് വരുന്നുണ്ട്. ഇതോടെ ആദായനികുതി വകുപ്പ് ബോധപൂര്‍വ്വം വൈകിപ്പിച്ച നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
മുസ്ലിംലീഗ് മുന്‍ ട്രഷറര്‍ പി.കെ.കെ. ബാവ, മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, മുന്‍ വയനാട് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം എന്നിങ്ങനെ 16 നേതാക്കള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. എആര്‍ നഗര്‍ ബാങ്ക് അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള നികുതി കുടിശിക അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നാണ് നോട്ടീസിലെ ഉള്ളടക്കം. പി.കെ.കെ. ബാവ 1.18 കോടി, അബ്ദുല്‍ ഖാദര്‍ മൗലവി 2.4 കോടി, അബുദല്‍ കരീം 1.35 കോടി, ഉമര്‍ പാണ്ടികശാല 1.8 കോടി എന്നിങ്ങനെ തുക അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
48 കോടി രൂപയുടെ ക്രമക്കേടാണ് സഹ. വകുപ്പിന്റെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയത്. 156 വ്യാജ വിലാസങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നാണ് ഹര്ജിക്കാരന് ആക്ഷേപിക്കുന്നത്. യഥാര്‍ഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാനേജര്‍ പ്രസാദ് നേരത്തെ ഇ ഡിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: