പാമ്പാടി: കുവൈറ്റിലെ തീപ്പിടിത്തത്തില്‍ മരണമടഞ്ഞ കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന് എബ്രഹാമിന്റെ വീട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സന്ദര്‍ശിച്ചു. സ്റ്റെഫിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
കുവൈറ്റില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന പ്രവാസികളായ മലയാളികളുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറി സോബിന്‍ ലാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
സ്റ്റെഫിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഐപിസി ബഥേല്‍ സഭയുടെ ഒന്‍പതാം മൈല്‍ സെമിത്തേരിയില്‍ നടക്കും. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഉച്ചയ്ക്ക് രണ്ട് മുതല്‍ 3 മണി വരെ പാമ്പാടിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും
കണ്ണീരിലലിഞ്ഞ് ശ്രീഹരിക്കും ഷിബു വര്‍ഗീസിനും നാട് വിട നല്കി
ചങ്ങനാശ്ശേരി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തതില്‍ മരിച്ച ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരി, പായിപ്പാട് പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് എന്നിവര്‍ക്ക് അന്തിമോപചാമര്പ്പിക്കാനായി നാടൊരുമിച്ച് ഇത്തിത്താനത്തും പായിപ്പാടും ഒഴുകിയെത്തി.
സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയരംഗത്തെ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്. കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ്ജ് കുര്യന് ഇത്തിത്താനത്തെ ശ്രീഹരിയുടെ വസതിയിലും തുടര്‍ന്ന് പായിപ്പാട്ടെ ഷിബുവര്ഗീസിന്റെ വസതിയിലുമെത്തി പുഷ്പചക്രം അര്‍പ്പിച്ചു.
ഇത്തിത്താനത്ത് മുന്‍ നിശ്ചയിച്ചതിലും അരമണിക്കൂര്‍ മുമ്പേ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചതോടെ പലര്‍ക്കും ശ്രീഹരിയെ അവസാമായി ഒന്നു കാണാനായില്ല. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത തയാറാക്കിയ സ്ഥലത്തെത്തിയാണ് അന്തിമോപചാരമര്‍പ്പിച്ചത്. കേന്ദ്രമന്ത്രിയോടൊപ്പം ബിജെപി നേതാക്കളായ ബി. രാധാകൃഷ്ണമേനോന്, എം.ബി. രാജഗോപാല്‍, കെ.ജി. രാജ്മോഹന്‍, എന്‍.പി. കൃഷ്ണകുമാര്‍, പി.ഡി. രവീന്ദ്രന്, എ. മനോജ്, പി.പി. ധീരസിംഹന്‍, കെ.ആര്. കൃഷ്ണ കുമാര്‍, ബി.ആര്. മഞ്ജീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്, ഷൈലമ്മ രാജപ്പന്, ശാന്തി മുരളി എംഎല്‍എമാരായ സി.കെ. ആശ, അഡ്വ. ജോബ് മൈക്കിള്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നിയമസഭാ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: