പാലാ: ആശ്രമ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. പാലാ അരുണാപുരം ശ്രീരാമകൃഷ്ണ മഠം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ സാംസ്കാരികധാരകളെയും പാരമ്പര്യ വിജ്ഞാനങ്ങളെയും ആദ്യമായി എന്നിലേക്ക് പകര്‍ന്നത് ശ്രീരാമകൃഷ്ണ മഠമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വ ധര്‍മ്മങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിനുള്ളത്. ഇവിടുത്തെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ക്രിസതുമസ് ആഘോഷത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. മന്ത്രിപദവി ഏറ്റെടുത്ത ശേഷം ആദ്യമായി ശ്രീരാമകൃഷ്ണമഠത്തില്‍ എത്തി സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. 1982- 84ല്‍ പാലാ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്താണ് രാമകൃഷ്ണാശ്രമത്തിലെ ഹോസ്റ്റലില്‍ താമസക്കാരനായത്. അക്കാലത്തെ രാമകൃഷ്ണാശ്രമത്തിന്റെ അന്തരീക്ഷം തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുരുനാഥന്മാരായ ഡോ. എന്‍.ആര്. ഇളയിടവും പ്രൊഫ. ആര്.എസ്. പൊതുവാളും ആശ്രമം സന്ദര്‍ശിക്കാറുണ്ടായിരുന്ന സംന്യാസിമാരും എന്നില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. അവര്‍ സംസ്കൃതശ്ലോകം വച്ച് ഫിസിക്സിലെ പ്രോബഌസ് സോള്‍വ് ചെയ്യുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിക്കണ്ടു.
സംന്യാസിമാരുടെ അറിവും അനുഭവവും ഭാരതത്തിന്റെ മഹത്തായ വൈജ്ഞാനിക പാരമ്പര്യവും എത്ര വലുതാണെന്ന് അറിയാന്‍ കഴിഞ്ഞത് ആശ്രമ ജീവിതത്തിലാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ശ്രീരാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി വീതസംഗാനന്ദ മഹാരാജ് ചടങ്ങില്‍ അധ്യക്ഷനായി. ഡോ.ടി.വി. മുരളിവല്ലഭന്‍ ഡോ.പി.ബി. സനീഷ് എന്നിവര്‍ സംസാരിച്ചു.
സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം സ്വാമി വീതസംഗാനന്ദ മഹാരാജ് മന്ത്രിക്ക് സമ്മാനിച്ചു. രാവിലെ പത്ത് മണിക്ക് ശേഷം മഠത്തില്‍ എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പൂച്ചെണ്ട് നല്കി സ്വാമി വീതസംഗാനന്ദ മഹാരാജ് സ്വീകരിച്ചു. ശ്രീരാമകൃഷ്ണ സംസ്കൃത കോളജിലെ മുതിര്‍ന്ന അദ്ധ്യാപകന് ജോസഫ് മാത്യു പൊന്നാട അണിയിച്ചു. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പ്രൊഫ. ബി. വിജയകുമാര്‍, എന്‍.കെ. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ലാല്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതിയംഗം സുമിത്ത് ജോര്‍ജ്, അഡ്വ. അനീഷ് ജി. മുരളീധരന് നീലൂര്‍, നഗരസഭ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാജു, ജനപ്രതിനിധികളായ ഷീബ റാണി, ഗിരിജ ജയന്, സ്മിത, ബിന്ദു തുടങ്ങിയവര്‍ എന്നിവര്‍ കേന്ദ്ര മന്ത്രിയോടൊപ്പം ആശ്രമം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: