ന്യൂദല്‍ഹി: സ്കൂള്‍ പാഠപുസ്തകങ്ങളില്‍ കലാപ ചരിത്രം പഠിക്കുന്നത് നല്ല സന്ദേശം നല്‍കില്ലെന്ന് എന്‍സിഇആര്‍ടി. സ്കൂള്‍ തലത്തില്‍ ഇത്തരം വിഷയങ്ങള്‍ പഠിക്കുന്നത് സംഘര്‍ഷവും സമ്മര്‍ദ്ദവും നിറഞ്ഞ പൗരന്മാരെ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കുകയെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പറഞ്ഞു. ഗുജറാത്ത് കലാപം, ബാബറി മസ്ജിദ് തകര്‍ന്ന സംഭവം എന്നിവയെപ്പറ്റിയുള്ള പാഠഭഗങ്ങളില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ പുസ്തകങ്ങളില്‍ കലാപങ്ങളെപ്പറ്റി എന്തിനാണ് പഠിപ്പിക്കുന്നത്. നമുക്കാവശ്യം നല്ല പൗരന്മാരെയാണ്, കലാപങ്ങളെപ്പറ്റി കുട്ടിക്കാലത്തേ അറിഞ്ഞ് സംഘര്‍ഷങ്ങളും സമ്മര്‍ദ്ദവും നിറഞ്ഞ വ്യക്തിത്വങ്ങളെയല്ല, ഡയറക്ടര്‍ പറഞ്ഞു. പുതുക്കിയ പന്ത്രണ്ടാം ക്ലാസ് പാഠപ്പുസ്തകത്തില്‍ അയോദ്ധ്യയെപ്പറ്റി നാലു പേജുണ്ടായിരുന്നത് രണ്ട് പേജാക്കി ചുരുക്കിയതും ബാബറി മസ്ജിദിനെ മൂന്നു മകുടങ്ങളോടു കൂടിയ നിര്‍മ്മിതിയെന്ന് വിശദീകരിച്ചതും സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി രഥയാത്ര, കര്‍സേവകര്‍, തര്‍ക്കഭൂമിയിലെ കെട്ടിടം പൊളിഞ്ഞുവീണതിന് ശേഷമുണ്ടായ സാമുദായിക അസ്വസ്ഥതകള്‍, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ രാഷ്ട്രപതിഭരണം, അയോദ്ധ്യയിലെ സംഭവങ്ങളില്‍ ഖേദിച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രസ്താവന എന്നിവ പുതിയ പാഠഭാഗങ്ങളിലില്ല എന്നാണ് ആരോപണം.
ഇത്തരം സംഘര്‍ഷചരിത്രം പുതുതലമുറ പഠിക്കേണ്ടതില്ല എന്നും കാലഹരണപ്പെട്ട സംഭവങ്ങള്‍ മാറ്റുന്നതില്‍ എന്താണ് തെറ്റുമെന്നുമാണ് എന്‍സിഇആര്‍ടിയുടെ നിലപാട്. ചരിത്രത്തെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പഠിക്കേണ്ടത്, ചരിത്രത്തെ യുദ്ധഭൂമിയാക്കി മാറ്റേണ്ടതില്ല, ഡയറക്ടര്‍ വിശദീകരിച്ചു. രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചുകഴിഞ്ഞാല്‍ അത് പാഠപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റാണോയെന്നും അത്തരം മാറ്റങ്ങള്‍ വരുത്തുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നും പുതിയ ഉള്‍ച്ചേര്‍ക്കലുകള്‍ എപ്പോഴും പുസ്തകങ്ങളിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ചാല്‍ നമ്മുടെ കുട്ടികള്‍ അതേപ്പറ്റി പഠിക്കേണ്ടതില്ലേ. പഴയകാല സംഭവ വികാസങ്ങളും പുതിയ മാറ്റങ്ങളും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം. ഇന്ത്യന്‍ നോളജ് സിസ്റ്റത്തേപ്പറ്റി പറയുമ്പോള്‍ കാവിവല്‍ക്കരണമെന്ന് ആരോപിക്കുന്നത് എന്തിനാണ്. മെഹറോളിയിലെ ഉരുക്ക് പില്ലറിനെപ്പറ്റി പഠിപ്പിക്കുകയും ഭാരതീയര്‍ ലോഹസംസ്ക്കരണത്തില് മറ്റാരേക്കാലും മുന്നിലായിരുന്നുവെന്ന് പറയുന്നതും തെറ്റാണോ. ഇതിനെ കാവിവല്‍ക്കരണമെന്ന് പറഞ്ഞ് എതിര്‍ക്കുന്നത് എന്തിനാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തെപ്പറ്റിയുള്ള പാഠഭാഗങ്ങള്‍ മുമ്പ് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി അദ്ദേഹം നമ്മുടെ കുട്ടികള്‍ ഇരയാക്കപ്പെടുന്നതും വെറുപ്പിന്റെ അന്തരീക്ഷത്തില്‍ വളരുന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമല്ലെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: