ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് യൂട്യൂബ് വീഡിയോയിൽ പരാമർശിച്ച യുവാവ് അറസ്റ്റിൽ. ബൻവാരിലാൽ ലതുർലാൽ ഗുജാർ എന്ന 25കാരനെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘അരെ ചോടോ യാർ ‘ എന്ന ചാനലിലാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ ബിഷ്‌ണോയ് സംഘത്തെ കുറിച്ച് ചർച്ച ചെയ്യുകയും സൽമാൻ ഖാനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ പരാമർശിക്കുകയും ചെയ്തതാണ് കേസെടുക്കാൻ കാരണം. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയക്കുകയും, പ്രതിയെ പിടികൂടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മുംബൈയിലെ സൈബർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീട്ടിലുണ്ടായ വെടിവെയ്‌പ്പുമായി ബന്ധപ്പെട്ട് സൽമാൻ ഖാനും സഹോദരൻ അർബാസ് ഖാനും മൊഴി നൽകിയതിന് തൊട്ടുപിന്നാലെയാണ് യുവാവിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏപ്രിൽ 14നാണ് സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് വെടിവയ്‌പ്പ് നടന്നത്. സംഭവത്തെ തുടർന്ന് നടന്റെ സുരക്ഷ വർധിപ്പിക്കുകയും. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
1998-ൽ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വെടിവച്ചതിന് ശേഷം സൽമാൻ ഖാനെതിരെയുള്ള ഭീഷണി ബിഷ്ണോയി സംഘം തുടർന്നുവന്നിരുന്നു. ഇതിന്റെ തുടർക്കഥ പോലെയാണ് സൽമാന്റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായതെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: