‘അവര്‍ എന്നെ കൊല്ലാന്‍ പോവുകയാണ്. എന്തിനാണെന്ന് എനിക്കറിഞ്ഞുകൂടാ.’
കറുത്ത ഇരുമ്പഴിയിലൂടെ ഇരുട്ടുപൂട്ടിയ നടപ്പാതയില്‍ വ്യര്‍ത്ഥമായി നോക്കികൊണ്ട് ആ പതിനാലുകാരന് ഗദ്ഗദപ്പെട്ടുപറഞ്ഞു. സെല്മേറ്റുകളെല്ലാം അവന്റെ കഥ അപൂര്‍ണ്ണമായി പൂരിപ്പിച്ചെടുത്തു. വാടിക്കരിഞ്ഞ മുഖങ്ങള്‍ പരസ്പരം കൊരുത്തു. നിരാശ കണ്ണുനീരായി ഒഴുകി.
‘നീ ജോര്‍ജ്ജിന്റെ മകനല്ലേ?’
കറുത്ത തുണി കൊണ്ട് കണ്ണുകള്‍ മൂടപ്പെട്ട് ചങ്ങലയ്ക്കിട്ടിരുന്ന ഒരു വെളുത്തുനീണ്ട മനുഷ്യന് ചോദിച്ചു.
‘അതേ’
ഏങ്ങലടികളില് മുങ്ങി അവന്റെ ഉത്തരം അശക്തമായി കേട്ടു.
‘ചാവാന്‍ പോകുന്നതിന് കരയുന്നതെന്തിന്? കണ്ണ് തുടയ്ക്ക്. നീയെത്ര ഭാഗ്യവാനാണ് മോനേ! ഞാനെത്ര വട്ടം ചത്തതെന്നോ! എന്നിട്ടും പിന്നെയും പിന്നെയും എന്നെ അറുത്തുമുറിച്ചുകൊല്ലുന്നു. നിനക്ക് സ്വസ്ഥമായി മരിച്ചുപോകാമല്ലോ!’
വെളുത്ത മനുഷ്യന് അസ്വസ്ഥതയോടെ തുടര്‍ന്നു: ‘കുറ്റം നിഷേധിച്ചാല്‍, നിന്നെ അവര്‍ ഇനിയും ഉപദ്രവിക്കും.’
ജയിലധികാരി വന്ന് സെല്‍ തുറന്നു. വെളുത്ത മനുഷ്യന് നിശ്ശബ്ദനായി. ഭയംനിറച്ച കണ്ണുകളുമായി നില്ക്കുന്ന പതിനാലുകാരനെ അയാള്‍ കൂട്ടിക്കൊണ്ടുപോയി.
വിചാരണക്കോടതി അവനെ പ്രതിസ്ഥാനത്തു നിര്‍ത്തി.
‘നിനക്കെന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?’
ജഡ്ജിയെ നോക്കിക്കൊണ്ടു നിന്നതല്ലാതെ അവന് ഒന്നും മിണ്ടിയില്ല. പ്രതിഭാഗം വക്കീല്‍ കസേരയില്‍ നിന്ന് അനങ്ങാതിരുന്നു.
കോടതി വിധിച്ചു:
‘മേരി, ബെറ്റി എന്നീ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്ന സ്റ്റിണ്ണിയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു.’
അവന് പ്രതിക്കൂട്ടില്‍ നിര്‍വികാരനായി നിന്നു. താന്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു പറയുന്ന ഇരുമ്പ്ദണ്ഡിലേയ്ക്ക് നോക്കി. അത് ഉയര്‍ത്താനുള്ള ആവത് തനിക്കുണ്ടോ എന്ന് ആവലാതിപ്പെട്ടു. തന്റെ അവസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അച്ഛനും അമ്മയും അനുജത്തിയും കണ്മുന്നില് വന്നുനിറഞ്ഞു. സെല്ലിലെ വെളുത്ത മനുഷ്യനെയും ഓര്‍ത്തു. ജെയ്സന്. ബെറ്റിയുടെയും മേരിയുടെയും അച്ഛന്. അദ്ദേഹത്തിന്റെ മക്കളെ കൊല്ലാന്‍ ഒരു പതിനാല്കാരന് കഴിയില്ലെന്ന് പോലീസിനോട് പറഞ്ഞ അപരാധത്തിന് ശിക്ഷ അനുഭവിക്കുന്നു. അവന്റെ കണ്ണില്‍ ഇരുട്ട് മൂടി.
വധശിക്ഷാദിവസം ഇലക്ട്രിക് കസേരയില്‍ അവനെ ഇരുത്തി. ഉയരം പാകമാകാന്‍ വേദപുസ്തകം താങ്ങാക്കി. അവന്റെ കണ്ണുകള്‍ പൊട്ടിയൊഴുകി. ചുറ്റിലും ഇരുന്ന് കാഴ്ച കാണുന്നവരുടെ ഹൃദയം അലിഞ്ഞില്ല. വൈദ്യുതി അവന്റെ കുഞ്ഞ് ശരീരത്തിലൂടെ കടന്നുപോയി. ഒടുവില്‍ അവന്റെ പതപ്പ് നിലച്ചു.
സെല്ലുകള്‍ക്കുള്ളില്‍ നിന്നും ഭ്രാന്തമായ അലര്‍ച്ചകള്‍ ഉയര്‍ന്നു. വെളുത്ത മനുഷ്യന് തന്നെ കൊന്നുകളയാന്‍ ആത്മരോഷത്തോടെ നിലവിളിക്കുന്നത് ചുവരുകള്‍ രഹസ്യമാക്കിവച്ചു.
പിറ്റേന്നും പതിവുപോലെ സൂര്യന് കലഹം പറയാതെ പണിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: