കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം കാര്‍ അടിച്ചുതകര്‍ത്തു. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിക്കിനെയും സംഘത്തെയുമാണ് ആക്രമിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന് പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണം. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിക്കും ജീവനക്കാരും ബംഗളൂരുവില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മലയാളി സംഘം സഞ്ചരിച്ച കാറിനെ മൂന്ന് കാറുകളാണ് പിന്തുടര്ന്നത്.
കേരള അതിര്‍ത്തിക്ക് തൊട്ടുമുന്‍പ് വെട്ടിച്ച് കടന്ന അക്രമി സംഘത്തിന്റെ കാര്‍ മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്് വട്ടമിട്ട് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്.
ആയുധങ്ങളുമായി കാറുകളില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ആദ്യം കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലുള്ള പ്രകോപനം വ്യക്തമല്ല. ഈസമയത്ത് കാറിലുള്ളവര്‍ നിലവിളിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് ഇന്നോവയുടെ ഡോറുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം അതിവേഗം വാഹനം ഓടിച്ച് പോയത് കൊണ്ടാണ് മലയാളി സംഘം രക്ഷപ്പെട്ടത്.
എന്നാല്‍ അക്രമി സംഘം ടോള്‍ പ്ലാസ വരെ വീണ്ടും പിന്തുടര്ന്നതായും മലയാളി സംഘം പറയുന്നു. തുടര്‍ന്ന് മധുക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് മധുക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് കമ്പ്യൂട്ടറുകളും മറ്റും വാങ്ങി മടങ്ങിവരുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: