സുരേഷ് ഗോപി തിളങ്ങട്ടെ
കേരളത്തില്‍ നിന്ന് ജയിച്ച് ലോക്സഭയില്‍ എത്തുന്ന ആദ്യത്തെ ബിജെപി എംപിയാണ് സുരേഷ് ഗോപി. പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കൊച്ചിന് റിഫൈനറി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് എന്നീ വന്‍കിട കമ്പനികള്‍ കേരളത്തിലുള്ളതുകൊണ്ട് സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം കേരളത്തിന് കൂടുതല്‍ ഗുണം ചെയ്യും. വിനോദ സഞ്ചാരമേഖലയിലാണ് സംസ്ഥാനത്തിന് കൂടുതല്‍ സാധ്യതകള്‍ ഒളിഞ്ഞുകിടക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയും കേരളത്തിനുണ്ട്. കേരള ടൂറിസം വകുപ്പിന്റെ ആപ്തവാക്യം പോലും ദൈവത്തിന്റെ സ്വന്തം നാട് എന്നാണെന്നിരിക്കെ കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ അനിവാര്യമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ പ്രകടന പത്രികയിലും ആത്മീയ ടൂറിസവും പൗരാണിക ഭാരതീയ കലകളും സംഗീതവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആത്മീയ കേന്ദ്രങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട് (പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട്) കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനമിരുന്ന കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, അഗസ്ത്യാര്‍കൂടം, ശബരിമല, ആദി ശങ്കരന്റെ ജന്മനാടായ കാലടി, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂര്‍, കല്‍പ്പാത്തി, കണ്ണൂരിലെ മുത്തപ്പന് ക്ഷേത്രം എന്നിവയെ യോജിപ്പിച്ചുകൊണ്ടുള്ള റോഡ്, റെയില്‍, ജലഗതാഗത ടൂറിസം പാതകള്‍ വികസിപ്പിക്കാവുന്നതാണ്. ശബരി റെയില്‍ പാതയും ശബരിമല വിമാനത്താവളവും പില്‍ഗ്രിം ടൂറിസം പദ്ധതികള്‍ക്ക് ഗതിവേഗം കൂട്ടും. സുരേഷ് ഗോപിയിലൂടെ കേരളത്തിലെ ടൂറിസം മേഖല കൂടുതല്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
ജോര്‍ജ്ജ് കുര്യന്റെ കൈകളില്‍ ഈ വകുപ്പുകള്‍ ഭദ്രം
നാലര പതിറ്റാണ്ടിലേറെക്കാലമായി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിറഞ്ഞു നിന്ന അഡ്വ.ജോര്‍ജ്ജ് കുര്യന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് കേന്ദ്രമന്ത്രി പദവി. ഫിഷറീസ്, മൃഗപരിപാലനം, ക്ഷീരോത്പന്നം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരോത്പന്നം എന്നീ മേഖലകള്‍ കേരളത്തിന്റെ വികസനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നിരുന്നാലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗവും ഇപ്പോഴും ദുരിതത്തിലാണ്.
കേരളത്തിലെ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രത്തില്‍ മന്ത്രാലയം രൂപീകരിച്ചത് മോദി സര്‍ക്കാരാണ്. കൊച്ചിയടക്കം മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യസംസ്കരണശാലകള്‍, മത്സ്യ വിപണനത്തിനുള്ള മാര്‍ക്കറ്റുകള്‍, സംസ്കരിച്ച മത്സ്യ വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, മത്സ്യതൊഴിലാളികള്‍ക്ക് കപ്പല്‍ മാതൃകയിലുള്ള മീന്‍പിടുത്ത ബോട്ട് എന്നിവ തുടര്‍ച്ചയായ ബജറ്റുകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചവയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധ ഫീഷറീസ്, മൃഗപരിപാലനം, ക്ഷീരോത്പന്നം മേഖലകളിലേക്ക് കൊണ്ടുവരാനും ജോര്‍ജ് കുര്യന് സാധിക്കും. ഈ മേഖലകളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായിട്ടാണ് ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായി ചുമതലയേറ്റത്. ന്യൂനപക്ഷങ്ങളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് സഹായിക്കും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: