കിംഗ്സ്ടൗണ്‍: ടി 20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ വമ്പന്‍ അട്ടിമറി നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മറിച്ച് ഒറ്റ റണ്ണിന്റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ഡിയില്‍ നേപ്പാളിനെതിരായ മത്സരമാണ് തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുപിടിച്ച് ഒരു റണ്ണിന്റെ ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന്റെ പോരാട്ടം 20 ഓവറില്‍ 114-6 എന്ന സ്കോറില്‍ അവസാനിച്ചു. നാല് ഓവറില്‍ 19 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ടബ്രൈസ് ഷംസിയാണ് നേപ്പാളില്‍ നിന്ന് മത്സരം തിരികെ പിടിച്ചത്. അവസാന ഓവറുകളിലെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടവും നേപ്പാളിന് കണ്ണീര് സമ്മാനിക്കുന്നതായി.
അവസാന നാലോവറില്‍ നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സായിരുന്നു. ഏഴ് വിക്കറ്റും കൈയിലുണ്ടായിരുന്നു. പതിനേഴാം ഓവര്‍ എറിഞ്ഞ ജാന്സണ് മൂന്ന് റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്. ഇതോടെ അവസാന മൂന്ന് ഓവറില്‍ 18 റണ്‍സായി നേപ്പാളിന്റെ വിജയലക്ഷ്യം. 18-ാം ഓവറില്‍ പന്തെടുത്ത ഷംസി പക്ഷേ, രണ്ടു റണ്ണേ വിട്ടുകൊടുത്തുള്ളൂ. രണ്ട് വിക്കറ്റും വീഴ്ത്തി. ഇതോടെ നൂറിന് അഞ്ച് എന്ന നിലയിലായി നേപ്പാള്‍.
നോര്‍ക്യ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ കുശാല്‍ മല്ല പുറത്തായെങ്കിലും അഞ്ചാം പന്തില്‍ സോമ്പാല്‍ കമി ഒരു സിക്സും അവസാന പന്തില്‍ രണ്ടും റണ്‍സടക്കം എട്ട് റണ്‍സ് നേടി നേപ്പാളിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന് പകര്‍ന്നു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബൗള്‍ ചെയ്യാനെത്തിയത് ഒട്ട്നിയേല്‍ ബാ
ര്ട്ട്മാന്. ആദ്യ രണ്ട് പന്തുകളില്‍ റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും മൂന്നാം പന്തില്‍ ഫോര്‍. നാലാം പന്തില്‍ ഡബിള്‍. ഇതോടെ രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. തുടര്‍ന്നുള്ള രണ്ട് പന്തുകളും ബാര്ട്ട്മാന് നന്നായെറിഞ്ഞു. അവസാന പന്തില്‍ സിംഗിളിന് ശ്രമിച്ചെങ്കിലും ഗുല്സന് റണ്ണൗട്ടായി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം. നേപ്പാളിന് വേണ്ടി ആസിഫ് ഷെയ്ഖ് 42 റണ്‍സെടുത്ത് ടോപ് സ്കോററായി. 27 റണ്‍സെടുത്ത അനില്‍ ഷാ, 13 റണ്‍സെടുത്ത കുശാല്‍ എന്നിവരാണ് നേപ്പാള്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.
ഗ്രൂപ്പിലെ നാല് കളികളും ജയിച്ച ദക്ഷിണാഫ്രിക്ക ഒന്നാമന്മാരായി സൂപ്പര്‍ എട്ടിലേക്ക് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: