”ആയുസ് ഇനി അധികമില്ല, അതിനുമുന്‍പ് പരാമവധി മത്സരങ്ങളില്‍ പങ്കെടുക്കണം. ദുബായിയില്‍ ചാമ്പ്യന്‍ഷിപ്പുണ്ട്. തുടര്‍ന്ന് ഗോവ, തൃച്ചി, ചെന്നൈ, മുംബൈ… മത്സരങ്ങള്‍ വരിവരിയായി വരുന്നു. എല്ലാറ്റിലും പങ്കെടുക്കാന്‍ രോഗം സമ്മതിക്കുമോ എന്നറിയില്ല” തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഇരുന്ന് വേണു മാധവന്‍ ഇതു പറയുമ്പോള്‍ മുഖത്ത് മരണഭയമായിരുന്നില്ല. മറിച്ച് നേട്ടങ്ങള്‍ കൊയ്യുമ്പോഴുള്ള വിജയത്തിളക്കമായിരുന്നു. അസാധാരണ മനഃശക്തികൊണ്ട് ഭാരോദ്വഹന ഗോദയില്‍ അത്ഭുതം സൃഷ്ടിച്ചു മുന്നേറുന്ന വേണുവിന്റെ കഥ അത്ഭുതപ്പെടുത്തുന്നതാണ്.
സജീവമായ സംഘടനാ പ്രവര്‍ത്തനം, സ്വന്തമായി പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം, വിശാലമായ വ്യക്തി ബന്ധങ്ങള്‍, തകര്‍ന്ന കുടുംബജീവിതം, ഉമിത്തീപോലെ ക്യാന്‍സര്‍ എന്ന മഹാരോഗം, രോഗിയായിതന്നെ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേട്ടങ്ങള്‍… വേണു മാധവന്റെ ജീവിതം ആത്മവിശ്വാസത്തിന്റേയും മനക്കരുത്തിന്റേയും മാതൃകയാണ്.
കൊല്ലം മരുത്തടി വാഴപ്പള്ളി വടക്കേതില്‍ വേണുമാധവന്‍ ശാരീരികക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ചെറുപ്പത്തില്‍ പവര്‍ലിഫ്റ്റിങ് പരീശീലനം തുടങ്ങിയത്. 90 കളില്‍ കൊല്ലത്ത് ജില്ലാതലംവരെ ചില മത്സരങ്ങളില്‍ പങ്കെടുത്തു എന്നല്ലാതെ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. 2012ല്‍ ചെന്നെയില്‍ പവര്‍ലിഫ്റ്റിങ് മത്സരം കാണാന്‍ പോവുകയും സൃഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. കളി കാര്യമായി എന്നുപറയുന്നതുപോലെ അവിടെ രണ്ടാം സ്ഥാനം കിട്ടി. ബിസിനസ്സിലും കുടുംബജീവിതത്തിലും തിരിച്ചടി നേരിടുന്ന സമയമായിരുന്നതിനാല്‍ അതില്‍നിന്നൊരല്‍പ്പം ആശ്വാസം എന്ന രീതിയില്‍ ജീംനേഷ്യത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചു തുടങ്ങി. ചെന്നൈയില്‍ വിവിധ സംഘടനകള്‍ നടക്കുന്ന പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പുകളില്‍ മാറ്റുരയ്‌ക്കുകയും മെഡല്‍ നേടുകയും ചെയ്തപ്പോള്‍ ആവേശമായി.
ക്യാന്‍സര്‍ ഉറപ്പിക്കുന്നു
2012 കേരളത്തില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയതോടെ ആവേശം ഇരട്ടിയായി. എം.ജി. രാമചന്ദ്രന്റെ ജന്മദിനത്തോടനുബന്ധിച്ച് തമിഴ്നാട് പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ചെന്നൈ മാസ്റ്റര്‍ മത്സരത്തിലും സ്വര്‍ണ്ണം നേടി. ദേശീയ മീറ്റിനുള്ള പരിശീലനത്തിനിടിയില്‍ നെഞ്ചില്‍ ചെറിയൊരു പരുക്കേറ്റു. ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ക്ക് സംശയം. ക്യാന്‍സര്‍ ഉണ്ടോ. ആര്‍സിസിയില്‍ വിശദപരിശോധനയില്‍ തെളിഞ്ഞു, രക്താര്‍ബുദം. ഡിഫ്യൂസ് ലാര്‍ജ് ബിസെല്‍ ലിംഫോമ മൂന്നാം ഘട്ടം. വിശദീകരിക്കാനാകാത്ത പനി, അസാധാരണമായ ശരീരഭാരം കുറയല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവ ഉണ്ടാകാവുന്ന ക്യാന്‍സര്‍ ഇനം. 2014 ഡിസംബറിലായിരുന്നു ക്യാന്‍സര്‍ ഉറപ്പിച്ചത്.
ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞു. കീമോ തെറാപ്പിയും റേഡിയേഷനും ഒക്കെയായി ചികിത്സയുടെ നാളുകള്‍. 2015 ജൂണ്‍ വരെ തിരുവനന്തപുരം ആര്‍സിസിയിലും ചെന്നൈ അപ്പോളയിലുമായി ചികിത്സ. എല്ലാവരേയും അതിശയിപ്പിച്ച് അര്‍ബുദത്തെ മനക്കരുത്തുകൊണ്ട് വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല ഭാരോദ്വഹനത്തിലേക്കും വേണു മടങ്ങിയെത്തി.
2015 നവംബറില്‍ കേരളത്തില്‍ നടന്ന സംസ്ഥാനതലമത്സരത്തില്‍ വെള്ളി മെഡല്‍ നേടി തിരിച്ചുവരവ് അടയാളപ്പെടുത്തി. ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിങ് 83 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. തുടര്‍ന്ന് നിരവധി മത്സരങ്ങള്‍. ചെറുതും വലുതുമായി നിരവധി മെഡലുകള്‍. പലപ്പോഴും മെഡലുമായി നേരേ പോകുന്നത് കീമോയ്‌ക്കായി ആശുപത്രിയിലേക്ക്. അതിനിടെ ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ നടത്തിയ നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും വേണു മെഡല്‍ നേടി. 74 കിലോ വിഭാഗത്തില്‍ വെങ്കലം. സൂപ്പര്‍ മാസ്റ്റേഴ്സ് ഗെയിംസ് ആന്‍ഡ് സ്പോര്‍ട്സ് ഫെഡറേഷന്‍ ഗോവയില്‍ നടത്തിയ ദേശീയ മാസ്റ്റേഴ്സ് ഗെയിംസില്‍ പവര്‍ലിഫ്റ്റിങ് 50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 75 കിലോ വിഭാഗത്തില്‍ ഒന്നാമനായി. കൊച്ചിയില്‍ നടന്ന മാസ്റ്റേഴ്സ് ഗെയിമില്‍ 74 കിലോ വിഭാഗത്തില്‍ സ്വര്‍ണം. കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ ഈ മാസം കൊച്ചിയില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിലും മാസ്റ്റേഴ്സ് 2 വിഭാഗത്തില്‍ വേണുവിനായിരുന്നു സ്വര്‍ണം. അഖിലഭാരതീയ സ്വദേശി ഖേല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മഹാരാഷ്‌ട്ര പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസ്വര്‍ണ്ണം നേടി വേണു വാര്‍ത്തകളില്‍ ഇടം പിടിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നാലു ദേശീയ മത്സരങ്ങളിലും നാല് സംസ്ഥാന മത്സരങ്ങളിലും ഉള്‍പ്പെടെ 11 മെഡലുകള്‍ ഭാരമുയര്‍ത്തി വേണു സ്വന്തമാക്കി.
ഊര്‍ജ്ജം സംഘടനയില്‍നിന്ന്
അസാധാരണ മനോധൈര്യത്തിനു കാരണം എന്തെന്നു ചോദിച്ചാല്‍ വേണു പെട്ടെന്നു പറയുന്ന ഉത്തരം, സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നുകിട്ടിയ ഊര്‍ജ്ജം എന്നാണ്. ”ആര്‍എസ്എസ് ശാഖയില്‍ പോയതാണ് കായികക്ഷമതയിലേക്ക് ശ്രദ്ധതിരിക്കാന്‍ കാരണം. ഏതു പ്രതിസന്ധികളേയും തരണം ചെയ്യാന്‍ പ്രാപ്തനാക്കിയതും സംഘശാഖയിലെ പരിശീലനമാണ്. പഠനത്തിനായി മുംബൈയില്‍ പോയപ്പോഴും ചെന്നൈയില്‍ ബിസിനസ്സ് ചെയ്യുമ്പോഴും സംഘപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കൊല്ലത്തും ചെന്നൈയിലും വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലകള്‍ വഹിച്ചു. അശോക് സിംഗാള്‍, പി. പരമേശ്വരന്‍, എസ്. സേതുമാധവന്‍, പി.പി. മുകുന്ദന്‍, എസ്. വേദാന്തം തുടങ്ങിയ നേതാക്കളില്‍ നിന്നു കിട്ടിയ പിന്തുണയും പ്രോത്സാഹനവും നല്‍കിയ ഊര്‍ജ്ജം ചെറുതല്ലായിരുന്നു.” വേണു പറയുന്നു.
2003 മുതല്‍ ചെന്നൈയില്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ വേണു തിരവാണ്‍മയൂരിലെ വേദിക് പഠനശാലയുടെ ചുമതലയും വഹിക്കുന്നു. അബ്രാഹ്മണരായവരെ വേദ പൂജാദികകള്‍ പഠിപ്പിക്കുന്ന കേന്ദ്രമാണിത്.
കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ എബിവിപിയിലൂടെയാണ് വേണു പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. മുംബൈയില്‍ ടൂറിസം ആന്റ് ട്രാവല്‍ കോഴ്സ് പഠിക്കാന്‍ പോയപ്പോള്‍ അവിടെ എറോളി ആര്‍എസ്എസ് ശാഖയില്‍ സജീവമായി. 1992 ല്‍ നവിമുംബൈയില്‍നിന്ന് അയോധ്യയില്‍ കര്‍സേവയക്ക് പോയവരില്‍ വേണുവും ഉണ്ടായിരുന്നു. തിരിച്ച് നാട്ടിലെത്തി കൊല്ലത്ത് വിശ്വഹിന്ദു പരിഷത്തിന്റേയും ബജറംഗദളിന്റയേും ചുമതല വഹിച്ചു. മുരളി മനോഹര്‍ ജോഷി നടത്തിയ ഏകാത്മതാ യാത്രയും ശിവഗിരിയിലെ സംന്യാസിമാരുടെ പ്രതിഷേധയാത്രയും സ്വാമി പ്രകാശാനന്ദയുടെ സത്യാഗ്രഹവും വിജയിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കും വഹിച്ചു.
തിരുവനന്തപുരത്ത് 1994 ല്‍ കേരള ട്രാവല്‍സില്‍ ജോലിക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് റിയാസ് ട്രാവല്‍സില്‍ ചേര്‍ന്നു. 2002 ല്‍ ചെന്നെയില്‍ ‘മിഡില്‍ ഈസ്റ്റ്’ എന്ന പേരില്‍ സ്വന്തമായി ട്രാവല്‍സ് ആന്റ് ടൂറിസം കമ്പനി തുടങ്ങി. മിന്നല്‍ വേഗത്തിലായിരുന്നു വളര്‍ച്ച. മുംബൈയിലും ദുബായിയിലും സിംഗപ്പൂരിലും വലിയ ഓഫീസുകള്‍. പ്രമുഖ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും വിദേശ യാത്രാ ഏജന്റ് എന്ന പദവിയിലേക്ക് ശരവേഗത്തില്‍ എത്തി. നടന്‍ മമ്മൂട്ടി, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ ഇഷ്ടമുള്ള ട്രാവല്‍ ഏജന്റായി വേണു മാറി. ആര്‍എസ്എസ് സംഘടിപ്പിച്ച പല പരിപാടികളുടേയും യാത്രാ വ്യവസ്ഥയും വേണു ഏറ്റെടുത്തു.
നിരന്തരമായ തിരിച്ചടിക്കാലം
ഏതൊരാളേയും തകര്‍ത്തുകളയുന്ന തിരിച്ചടികളില്‍ ഒടുവിലത്തേതുമാത്രമായിരുന്നു വേണുവിനെ സംബന്ധിച്ചിടത്തോളം ക്യാന്‍സര്‍. കെട്ടിപ്പെടുത്ത ബിസിനസ്സും കൈത്താങ്ങാകേണ്ട കുടുംബവും ഇല്ലാതായിനില്‍ക്കുമ്പോഴാണ് മഹാരോഗം പിടികൂടിയത്. തിരുവനന്തപുരത്ത് ട്രാവല്‍ ആന്റ് ടുറിസം മേഖലയില്‍ ജോലിക്കാരനായി തുടങ്ങി ചെന്നൈയിലും മുംബൈയിലും ദുബായിയിലും സിംഗപ്പൂരിലും സ്വന്തമായി ആസ്ഥാനങ്ങളുള്ള വലിയ ട്രാവല്‍ ഏജന്‍സിയുടെ ഉടമയായി വേണുവിന് മാറാനായത് കഠിനാധ്വാനവും വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതിലുള്ള കണിശതയും കൊണ്ടായിരുന്നു. വിശ്വസിച്ച് ഒപ്പം നിര്‍ത്തിയവര്‍ വഞ്ചിച്ചപ്പോള്‍ ബിസിനസ്സ് തകര്‍ന്നു. കുടുംബത്തിലും പ്രശ്നങ്ങള്‍. ഭാര്യ വിവാഹമോചനകേസ് കൊടുത്തതിനെ തുടര്‍ന്ന് വസ്തുവകകളുടെ ക്രയവിക്രയം തടസ്സപ്പെട്ടു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രശ്നത്തിലും പ്രതിസന്ധിയിലും നില്‍ക്കുമ്പോഴാണ് കൂനിന്മേല്‍ കുരു എന്ന പോലെ ക്യാന്‍സറും വന്നത്.
സഹതപിക്കാന്‍ ഏറെപേരുണ്ടായിരുന്നെങ്കിലും സഹായിക്കാന്‍ ആളുകകള്‍ കുറവ്. ക്യാന്‍സറിനോട് പൊരുതുന്നതില്‍ തനിക്ക് ആദ്യ കടപ്പാട് കെ.എം. മാണിയോടാണെന്നാണ് വേണു പറയുന്നത്. ”മാണിസാര്‍ കൊണ്ടുവന്ന കാരുണ്യ പദ്ധതി ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ് ചികിത്സ നടത്താനായത്. എന്റെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം കോടതി ഇടപെട്ട് മരവിപ്പിച്ചിരുന്നു. രോഗവിവരങ്ങള്‍ വിശദീകരിച്ച് കേണിട്ടും കോടതി കരുണ കാണിച്ചില്ല. പരിചയക്കാര്‍ പലരും സഹായിച്ചെങ്കിലും പരിമിതി ഉണ്ടായിരുന്നു. ഷിബു ബേബി ജോണ്‍, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ ചെയ്ത ഉപകാരങ്ങളും മറക്കില്ല.” വേണു പറഞ്ഞു.
വിവാഹമോചനകേസിലും തിരിച്ചടി ഉണ്ടായി. രോഗവുമായി മല്ലിടുന്ന സമയമായിരുന്നതില്‍ കേസില്‍ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ല. എന്തെങ്കിലുമാകട്ടെ എന്നുകരുതി. തേര്‍ഡ് പാര്‍ട്ടി വിധി പോലെ ഹൈക്കോടതി ഉത്തരവ് വന്നു. കോടതി പറഞ്ഞതുപോലെ സ്വത്ത് ഭാര്യയ്‌ക്കും മക്കള്‍ക്കും എഴുതിക്കൊടുത്തു. തിരിച്ച് വേണുവിന് നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ച പണം ഇതുവരെ കിട്ടിയില്ല. ചികിത്സയ്‌ക്ക് പണമില്ലാതെ വലയുമ്പോള്‍ 20 തവണ ഇതുസംബന്ധിച്ച കേസ് മാറ്റിവെച്ച് വേണുവിന് തിരിച്ചടി കോടതിയും നല്‍കിക്കൊണ്ടിരിക്കുന്നു.
റേഷനരിയും ഒരു മണിക്കൂര്‍ പരിശീലനം
ഭാരോദ്വഹനം, ബോഡി ബില്‍ഡിംഗ് എന്നൊക്കെ പറയുമ്പോള്‍ പരിശീലനം, ഭക്ഷണം എന്നതിനെക്കുറിച്ച് അറിയുക സാധാരണമാണ്. അക്കാര്യത്തിലും വേണു അത്ഭുതപ്പെടുത്തും. നാട്ടിലെ റേഷനരി ചോറാണ് ഇഷ്ട ആഹാരം. എടുത്തു പറഞ്ഞു റേഷന്‍ കടയില്‍നിന്ന് വാങ്ങുന്ന അരി. പിന്നെ കുറച്ച് ഓട്‌സ്. മുതിരയും പയറും പച്ചക്കറിയും മുട്ട പുഴുങ്ങിയതും. ക്യാന്‍സര്‍ വന്നശേഷം വല്ലപ്പോഴും ചിക്കനും കഴിക്കും.
രാവിലെ ആറുമുതല്‍ ഏഴുവരെ ജിംനേഷ്യത്തില്‍ നടത്തുന്ന വ്യായാമമാണ് അധിക പരിശീലനം. നാട്ടിലാണെങ്കില്‍ തട്ടാമല ജയാ ജിംനേഷ്യത്തിലോ കെ എസ് ജിംനേഷ്യത്തിലോ പോകും. ചെന്നൈയില്‍ അത്‌ലറ്റ് ഫിറ്റ്നസ്, ഹെര്‍ക്കൂലീസ് എന്നിവയാണ് ഇഷ്ട ജിംനേഷ്യങ്ങള്‍. ക്യാന്‍സര്‍ വന്നശേഷം ഇടയ്‌ക്കിടെ ശാന്തിഗിരി ആയുര്‍വേദ ആശുപത്രിയില്‍ എത്തി നടത്തുന്ന സുഖചികിത്സയാണ് അധികമായി ശരീരത്തിനായി ചെയ്യുന്ന കാര്യം. എന്നിട്ടും ചാമ്പ്യന്‍ ഷിപ്പുകളില്‍ നേട്ടം കൊയ്യുന്നു വേണു മാധവന്‍. മത്സരപ്പിറ്റേന്ന് മെഡലുമായി നേരെ കീമോയ്‌ക്കായി ആശുപത്രിയിലേക്ക് പോയിട്ടുളള വേണു കാന്‍സര്‍ തളര്‍ത്തിയ ശരീരം ഭാരം ഉയര്‍ത്താന്‍ തടസമാകുന്നില്ലന്ന് വീണ്ടും വീണ്ടും തെളിയിച്ച് മുന്നോട്ടുപോകുകയാണ്. ഇനി എത്രനാള്‍ എന്നാലോചിക്കാതെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: