കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കുറച്ച് വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ലോക കേരളസഭ എന്നത് തട്ടിക്കൂട്ട് മാമാങ്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ കാലങ്ങളിലെ ലോക കേരള സഭയുടെ പ്രോഗ്രസ് കാര്‍ഡ് പുറത്ത് വിടണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രവാസി മലയാളികള്‍ക്ക് എന്ത് ഗുണമുണ്ടായി. എന്ത് നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടായത്, പ്രതിനിധികളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്ത്, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ചെയ്‌തോ എന്ന് വ്യക്തമാക്കണം. കേരളത്തിലെ ഇരു മുന്നണികളും പ്രവാസികളെ കറവപ്പശുക്കളായിട്ടാണ് കാണുന്നത്. മുഖ്യമന്ത്രി ഇന്നുവരെ ഒരു ലേബര്‍ ക്യാമ്പിലും പോയിട്ടില്ല. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാന്‍ ശ്രമിച്ചിട്ടില്ല. അവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുമില്ല.
കേരളത്തിലേക്കുള്ള നിക്ഷേപം ഒരോ വര്‍ഷവും കുറയുകയാണ്. ഓരോ വര്‍ഷവും സംരംഭകര്‍ കേരളത്തില്‍ നിന്ന് ഓടുന്നു. കേരളത്തില്‍ വ്യവസായം തുടങ്ങിയവര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നു. കേരളം ഒരു സ്വതന്ത്ര്യരാജ്യമായി കാണിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനാണ് ശ്രമം.
കുവൈറ്റില്‍ പോയി സഹായം ചെയ്യാനല്ല വീണാ ജോര്‍ജിനെ അയക്കാന്‍ തീരുമാനിച്ചത്. അതിന് പിന്നില്‍ ലക്ഷ്യങ്ങള്‍ വേറെയാണ്. മറ്റു സംസ്ഥാനങ്ങളെല്ലാം വിദേശകാര്യ മന്ത്രാലയം വഴിയാണ് അന്യരാജ്യങ്ങളെ ബന്ധപ്പെടുന്നത്. നയതന്ത്ര, വിദേശകാര്യ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കേരളം ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ യൂണിയന്റെ ഭാഗമല്ല കേരളമെന്ന് പലപ്പോഴും സര്‍ക്കാര്‍ നിലപാടെടുക്കുന്നു. അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയും. ആശ്വസിപ്പിക്കാന്‍ പോയവരെ തടഞ്ഞുവെന്ന വൈകാരികതലം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. വിവാദങ്ങള്‍ മുഖ്യമന്ത്രി തന്നെ ഉണ്ടാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ബാര്‍കോഴ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ അഴിമതികളിലും ഇരുമുന്നണികളുടെ നേതാക്കള്‍ക്കും പങ്കുണ്ടന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാലും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: