ഭീകരവാദ ഭീഷണി നേരിടുന്ന കേരളത്തില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് (എന്‍എസ്ജി)യൂണിറ്റ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അനിവാര്യമാണ്. പുതുതായി നിര്‍മിക്കപ്പെട്ട രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കുശേഷം ഭീകരാക്രമണ ഭീഷണി നേരിടുന്ന അയോധ്യയിലും, പഞ്ചാബിലെ സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥയില്‍ ചില വൈദേശിക ശക്തികളുടെ സഹായത്തോടെ ഖലിസ്ഥാന്‍ ഭീകരവാദികള്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്ന പത്താന്‍കോട്ടിലും എന്‍എസ്ജി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമാണ് കേരളത്തിലും ഇത്തരമൊന്ന് ആവശ്യമാണെന്ന തീരുമാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എത്തിച്ചേര്‍ന്നത്. പ്രത്യേക ആയുധങ്ങളും ആന്റി ഡ്രോണ്‍ സംവിധാനവുമുള്ള എന്‍എസ്ജി യൂണിറ്റ് അയോദ്ധ്യയില്‍ രണ്ട് മാസത്തിനകവും, കേരളത്തിലും പത്താന്‍കോട്ടിലും ഈ വര്‍ഷം അവസാനത്തോടെയും നിലവില്‍വരും. പോലീസ് സംവിധാനത്തെയും മറ്റ് സായുധ സേനാ യൂണിറ്റുകളെയും സഹായിക്കുകയും, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം വേഗത്തിലാക്കുകയുമാണ് എന്‍എസ്ജി യൂണിറ്റുകള്‍ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വലിയ ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇതു സംബന്ധിച്ച നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത് എന്നാണറിയുന്നത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ടും, രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി പങ്കിടുന്ന കേരളത്തിലും മതമൗലികവാദശക്തികള്‍ സജീവമാണെന്ന വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ക്കുമുള്ളത്. പാന്‍-ഇസ്ലാമിക് സംഘടനകളുടെയും ഖലിസ്ഥാന്‍ തീവ്രവാദികളുടെയും സങ്കേതമായി യഥാക്രമം കേരളവും പത്താന്‍കോട്ടും മാറിയതാണ് ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. കേരളത്തിലുള്‍പ്പെടെ യൂണിറ്റുകള്‍ രൂപീകരിക്കുന്നതോടെ രാജ്യമാകെ എന്‍എസ്ജിക്ക് എട്ട് ഹബ്ബുകളാവും.
നീണ്ട ഒരു ഇടവേളയ്ക്കുശേഷം ജമ്മുകശ്മീരില്‍ ചില ഭീകരാക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് കേരളത്തില്‍ എന്‍എസ്ജി യൂണിറ്റ് രൂപീകരിക്കുന്നത്. കശ്മീര്‍ കഴിഞ്ഞാല്‍ ഇസ്ലാമിക മതമൗലികവാദികളും തീവ്രവാദികളും ഭീകരവാദികളും ശക്തമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളം കശ്മീരാക്കുമെന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം.
കശ്മീരില്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിഡിപിയുടെയുമൊക്കെ പിന്തുണ അവിടുത്തെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നതുപോലെയാണ് കേരളത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഇവര്‍ നേതൃത്വം നല്കുന്ന മുന്നണികളുടെയും പിന്തുണ ഇസ്ലാമിക മതമൗലികവാദികള്‍ക്ക് കിട്ടുന്നത്. ആഗോള ഭീകരസംഘടനയായ ഐഎസ്ഐയിലേക്ക് ഏറ്റവും കൂടുതല്‍ പേര് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും ജയിലുകളില്‍ ഉള്ളതായും, മറ്റു ചിലര്‍ സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. പാക് ഭീകര സംഘടനയായ ലഷ്ക്കറെ തൊയ്ബയില്‍ ചേരാന്‍ പോയ മലയാളികളായ ഭീകരര്‍ കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായല്ലോ. ഇതൊക്കെ കണ്ണടച്ചിരുട്ടാക്കിക്കൊണ്ട് കേരളത്തിന് ഭീകരവാദത്തിന്റെ പശ്ചാത്തലമില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ഇവിടുത്തെ ഇടതു-വലതു മുന്നണികളും ചില മുഖ്യധാരാ മാധ്യമങ്ങളും ചെയ്യുന്നത്. ഭീകര സംഘടനകള്‍ നടത്തിയ ബോംബു സ്ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയുടെ രക്ഷയ്ക്കുവേണ്ടി അണിനിരന്നതും ഇവര്‍ തന്നെയായിരുന്നു.
കേരളത്തില്‍ എന്തിനാണ് എന്‍എസ്ജി യൂണിറ്റ് എന്ന ചോദ്യം ചിലര്‍ ഉയര്‍ത്താതിരിക്കില്ല. മതേതരത്വത്തിന്റെ കേദാരമായ ഇവിടെ മതത്തിന്റെ പേരിലുള്ള വേട്ടയാടലുകള്‍ അനുവദിക്കില്ലെന്ന ആക്രോശവും ഉയരാന്‍ ഇടയുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിനെതുടര്‍ന്ന് ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും, അതിന്റെ നേതാക്കളെ ഒന്നടങ്കം ജയിലിലാക്കുകയും ചെയ്തപ്പോള്‍ അംഗീകരിക്കാതിരുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. നിരോധനത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തുകയും, അക്രമങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ ശക്തമായ നടപടികളെടുക്കാതെ ഇടതുമുന്നണി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണുണ്ടായത്. പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഇത് ശരിവച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടുപോലും അവരുമായി ഒത്തുകളിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ താല്‍പ്പര്യപ്രകാരം പോലീസ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തെങ്കിലും ഈ ഭീകരസംഘടനയുടെ അണികള്‍ എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മറവില്‍നിന്നുകൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വട്ടംകൂട്ടുകയാണ്. ഇടതു-വലതു മുന്നണികള്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്കാരുടെ പിന്തുണ ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരുടെ പിന്തുണ സിപിഎമ്മിനായിരുന്നു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ മതമൗലികവാദികളും തീവ്രവാദികളും വെറുതെയിരിക്കില്ല. ഇവരെ നേരിടാന്‍ എന്‍എസ്ജിയെപ്പോലുള്ള സുരക്ഷാ സംവിധാനം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: