ബെര്‍ലിന്‍: യൂറോ കപ്പ് 2024ന് ഭാരത സമയം ഇന്ന് പുലര്‍ച്ചയോടെ തുടക്കം കുറിച്ചു. ഫുട്‌ബോള്‍ പ്രേമികളുടെയെല്ലാം കണ്ണുടയ്‌ക്കുന്ന ആദ്യ പോരാട്ടം ഇന്ന് രാത്രി നടക്കും. ഇത്തവണത്തെ ഫൈനല്‍ നടക്കുന്ന ബെര്‍ലിനിലെ ഒളിംപിയ സ്റ്റേഡിയനില്‍ ആ മത്സരം രാത്രി 12.30നാണ് നടക്കുക. പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് മുന്‍ ജേതാക്കളായ സ്‌പെയിനും മറ്റൊരു വമ്പന്‍ ടീം ക്രൊയേഷ്യയും.
ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ പോരാടിയിട്ട് അധികമായിട്ടില്ല. ഒരുവര്‍ഷം മുമ്പ് നേഷന്‍സ് ലീഗ് ഫുട്‌ബോളില്‍ തമ്മില്‍ കണ്ടു. തുല്യശക്തികളുടെ ഒപ്പത്തിനൊപ്പം നിന്ന മൂന്നാം നേഷന്‍സ് ലീഗ് കലാശപ്പോരില്‍ ജേതാക്കളെ നിര്‍ണയിച്ചത് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ. സ്‌പെയിന്‍ ക്രൊയേഷ്യയെ 5-4ന് കീഴടക്കി. പ്രധാന ടൂര്‍ണമെന്റ് നേടിയിട്ടില്ലെന്ന ക്രോട്ടുകളുടെ സങ്കടം തീര്‍ക്കാനുള്ള അവസരമാണ് ഷൂട്ടൗട്ടില്‍ തകര്‍ന്നത്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ജര്‍മനിയില്‍ ഇതാ യൂറോ കപ്പ് വന്നെത്തിനില്‍ക്കുകയാണ്. കട്ടിയായ ഗ്രൂപ്പ് ബിയില്‍ കരുത്തേറിയ ആദ്യ പോരാട്ടം മറികടക്കാന്‍ ടീമിനൊപ്പം എണ്ണം പറഞ്ഞ യൂറോപ്യന്‍ ഫുട്‌ബോളിലെ മൂല്യമുള്ള താരങ്ങളുണ്ട്. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവും തികവൊത്ത അനുഭവ സമ്പത്തുമായി മുന്നില്‍ നില്‍ക്കുന്നത് ലൂകാ മോഡ്രിച്ച് ആണ്. താരത്തിന്റെ കരിയറിലെ അഞ്ചാം യൂറോ ആണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മികച്ച പ്രതിരോധക്കാരനായി വാഴുന്ന ജോസ്‌കോ ഗ്വാര്‍ഡിയോള്‍, മാറ്റിയോ കോവാസിച്ച്… ഇങ്ങനെ നീളുന്നു സാള്‍ട്ട്‌കോ ഡാലിച്ച് പരിശീലിപ്പിക്കുന്ന ക്രൊയേഷ്യയുടെ പടയാളികള്‍.
നാലാം തവണയും യൂറോകപ്പില്‍ മുത്തമിട്ട് റിക്കാര്‍ഡ് സ്വന്തമാക്കാനാണ് സ്പാനിഷ് പടയുടെ ഒരുക്കം. സന്നാഹ മത്സരങ്ങളില്‍ ടീം മികച്ച പ്രകടനം കാഴ്‌ച്ചവച്ചിട്ടുണ്ട്. അണ്ടോറ, വടക്കന്‍ അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. റിയല്‍ സോസിഡാഡ് താരം മികേല്‍ അര്‍സാബല്‍ നയിക്കുന്ന പടയുടെ പ്രസ്സിങ് ഗെയിമാണ് ടീമിന്റെ ഉന്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: