ചെങ്ങന്നൂര്‍: കുവൈറ്റില്‍ ദുരന്തത്തില്‍ മരിച്ച പാണ്ടനാട് മണക്കണ്ടത്തില്‍ മാത്യു തോമസി (53)ന് തിങ്കളാഴ്ച നാട് വിടയേകും. 30 വര്‍ഷമായി ഇദ്ദേഹം കുവൈറ്റില്‍ ഷോപ്പിങ് മാളില്‍ സെയില്സ്മാനായിരുന്നു. ഭാര്യ ഷിനു മാത്യു. മക്കള്‍: മേഘ, മെറിന്. രണ്ടു മക്കളെയും പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നായിരുന്നു മാത്യുവിന്റെ ആഗ്രഹം. ഇതിനായാണ് പ്രവാസം തുടര്‍ന്നത്. മേഘ നഴ്സിങ് പാസായി. ബംഗളൂരുവിലായിരുന്നു പഠനം.
മെറിന് എംബിഎക്ക് അഡ്മിഷന് ലഭിച്ച് ഹൈദരാബാദിലേക്ക് പോകാനിരുന്നതാണ്. ഫെബ്രുവരിയിലാണ് മാത്യു അവസാനമായി നാട്ടില്‍ വന്നുപോയത്. മക്കളെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച മാത്യു സുഹൃത്തുക്കള്‍ക്കും പ്രിയങ്കരനായിരുന്നു.
ഇന്നലെ നാട്ടിലെത്തിച്ച മാത്യു തോമസിന്റെ മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെയെത്തി മൂത്തമകള്‍ മേഘയും, ഭാര്യ ഷിനു മാത്യൂസും ചേതനയറ്റ മാത്യുസിനെ കണ്ട് പൊട്ടിക്കരഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും മറ്റും ഇവരെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ണീരണിഞ്ഞു.
ജോര്ദാന്പുരം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്കാരം. തിങ്കള്‍ രാവിലെ ഏഴരയോടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന് ഉച്ചയ്ക്ക് രണ്ടുമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. നിരണം സ്വദേശി മാത്യു തോമസിനെ കൂടാതെ മേപ്രയാല്‍ സ്വദേശി തോമസ് വി. ഉമ്മന്‍, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് എന്നിവരുടെ മൃതദേഹങ്ങളും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: