കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളില്‍ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞ നടപടിയെ ഗവര്‍ണറും കല്‍ക്കട്ട ഹൈക്കോടതിയും വിമര്‍ശിച്ചു.
അക്രമത്തിന് ഇരയായവര്‍ക്കും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും ഗവര്‍ണറെ കാണുന്നതിന് രാജ്ഭവന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ രാജ്ഭവനില്‍ പ്രവേശിക്കുന്നത് വ്യാഴാഴ്ച പൊലീസ് തടഞ്ഞു.
ഇക്കാര്യത്തില്‍ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമതബാനര്‍ജിക്ക് വെള്ളിയാഴ്ച്ച കത്തയച്ചു.
അതിനിടെ, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ വീട്ടുതടങ്കലിലാണോയെന്ന് വെള്ളിയാഴ്ച കല്‍ക്കട്ട ഹൈക്കോടതി അത്ഭുതം കൂറി.ഗവര്‍ണര്‍ അനുമതി നല്കിയാല് അക്രമത്തിന് ഇരയായവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും രാജ്ഭവന് സന്ദര്‍ശിക്കാമെന്ന് കോടതി വിധിച്ചു.
രേഖാമൂലം അനുമതി ലഭിച്ചിട്ടും വ്യാഴാഴ്ച രാജ്ഭവനില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞുവെന്ന് കാണിച്ച് അധികാരിയും മറ്റൊരാളും കോടതിയെ സമീപിച്ചിരുന്നു.
കോടതി കൂടി നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, അക്രമത്തിന് ഇരയായവര്‍ തന്നെ സന്ദര്‍ശിക്കുന്നതുവരെ ആഭ്യന്തരം കൈകാര്യം മന്ത്രി രാജ്ഭവനില്‍ പ്രവേശിക്കുന്നത് ഗവര്‍ണര്‍ വിലക്കി.
രാജ്ഭവന് ഡ്യുട്ടിയിലുള്ള എല്ലാ പോപൊലീസ് ഉദ്യോഗസ്ഥരെയും മാറ്റാനും ഗവര്‍ണര്‍ നിര്‍ദേശം നല്കി.
ബുര്‍ബസാറിലെ മഹേശ്വരി ഭവന് സന്ദര്‍ശിച്ച ഗവര്‍ണര്‍ ബോസ്, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവരെ കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു,
സന്ദര്‍ശന വേളയില്‍, മഹേശ്വരി ഭവനില്‍ താമസിക്കുന്ന 150 ഓളം ആളുകളുമായി ഗവര്‍ണര്‍ ആനന്ദബോസ് ആശയവിനിമയം നടത്തുകയും അവരുടെ പരാതികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
‘ഇരകളെ ഞാന്‍ കേട്ടു. അത് സംഭവത്തിന്റെ ഒരു വശം. ഗവര്‍ണര്‍ എന്ന നിലയില്‍, എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുന്നതിന് മുമ്പ് ഞാന്‍ നീതിപൂര്‍വ്വം പെരുമാറാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതുകൂടി കേട്ടശേഷം എന്റെ അഭിപ്രായം നിങ്ങളോട് പറയാം.” ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി ഗവര്‍ണര്‍മാരെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ മാനദണ്ഡങ്ങള്‍ മുഖ്യമന്തിക്ക് നല്കിയ കത്തില്‍ ഗവര്‍ണര്‍ ആനന്ദബോസ് ആവര്‍ത്തിച്ചോര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: