മുംബൈ: മീഡിയാ സെലിബ്രിറ്റി ഇന്ദ്രാണി മുഖര്‍ജി മുഖ്യപ്രതിയായ ഷീന ബോറ കൊലക്കേസില്‍ സുപ്രധാന തെളിവുകള്‍ നഷ്പ്പെട്ടുവെന്ന് പ്രോസിക്യൂഷന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ഇരയുടേതെന്ന് കരുതുന്ന ശാരീരികാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. മുംബൈയിലെ ജെ.ജെ ആശുപത്രിയിലെ ഫോറന്‍സിക് ഡോക്ടറുടെ മൊഴിയെടുക്കുന്നതിനിടെയാണ് പ്രത്യേക സിബിഐ ജഡ്ജിക്ക് മുമ്പാകെ പ്രോസിക്യൂഷന് മൊഴി നല്‍കിയത് . ഷീനയുടെ കത്തിക്കരിഞ്ഞ മൃതദേഹം സംസ്കരിച്ചതായി പറയപ്പെടുന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത അസ്ഥികളാണിത്. തെളിവെടുപ്പിനായി കോടതി കേസ് ജൂണ്‍ 27ലേക്ക് മാറ്റി.
മുംബൈ മെട്രോയില്‍ ജോലി ചെയ്തിരുന്ന ഷീനാ ബോറയെ അപ്രതീക്ഷിതമായി കാണാതാവുകയും അതുമായി ബന്ധപ്പെട്ടു ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയേയും രണ്ടാനച്ഛന് സഞ്ജീവ് ഖന്നയേയും ഡ്രൈവര്‍ ശ്യാംവര്‍ റായിയേയും പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഷീനയെ ഇവര്‍ കൊലപ്പെടുത്തുകയും, മൃതദേഹം കത്തിച്ചു കളയുകയും ചെയ്തുവെന്ന് സഞ്ജീവ് ഖന്നയും ശ്യാംവറും പോലീസിനോടു സമ്മതിച്ചു. എന്നാല്‍ ഷീന മരിച്ചിട്ടില്ലെന്നും അമേരിക്കയിലേക്കു പോയെന്നുമാണ് ഇന്ദ്രാണി പോലീസിനോടു പറഞ്ഞത്. 2012ല്‍ നടന്ന സംഭവത്തില്‍ ഇന്ദ്രാണി മുഖര്‍ജി 2015 ഓഗസ്റ്റില്‍ അറസ്റ്റിലായി. ഏഴ് വര്‍ഷത്തിന് ശേഷം 2022 മെയ് മാസത്തില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: