കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നാല്‍പ്പത്തിരണ്ട് ഭാരതീയരടക്കം അന്‍പതോളം പേര് മരിക്കാനിടയായ സംഭവം നടുക്കമുണ്ടാക്കുന്നതാണ്. മരിച്ചവരില്‍ ഇരുപത്തിനാല് പേര് മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഇനിയുമുണ്ട്. കണ്ടെടുക്കാത്തവയുമുണ്ടാവാം. അതുകൊണ്ടാണ് മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പറഞ്ഞത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് പതിവുരീതിയില്‍ പറയുന്നുണ്ട്. അതേസമയം ഗ്യാസ് സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അതിദാരുണമായ ഈ സംഭവം നടന്നത് ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്താണെങ്കിലും മലയാളികള്‍ക്ക് അത് അയല്‍ സംസ്ഥാനത്തുണ്ടായതുപോലെയാണ് തോന്നുന്നത്. കാരണം തൊഴിലന്വേഷകരായ അവര്‍ക്ക് കുവൈറ്റ് ഒട്ടും അകലെയല്ല. ലക്ഷക്കണക്കിന് മലയാളികളാണ് അവിടെ പണിയെടുക്കുന്നത്. ഇറാന്-ഇറാഖ് യുദ്ധകാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് കുവൈറ്റില്‍നിന്ന് ആയിരക്കണക്കിന് മലയാളികള്‍ക്കാണ് ഓടിപ്പോരേണ്ടി വന്നത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെപ്പോലും അത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. ഇവരില്‍ പലര്‍ക്കും പിന്നീട് അവിടേക്ക് പോകാന്‍ കഴിയാതെയായെങ്കിലും കാലാന്തരത്തില്‍ നിരവധി മലയാളികള്‍ തൊഴില്‍തേടി കുവൈറ്റിലേക്ക് പോയി. ഇവരില്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ അപകടമരണം സംഭവിച്ചിട്ടുള്ളത്.
മലയാളിയായ ഒരു വ്യവസായിയുടെ കമ്പനിയിലെ ജോലിക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ആറോ ഏഴോ നിലയിലുള്ള കെട്ടിടമാണിത്. തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് ഇതില്‍ താമസിക്കുന്നവര്‍ പരിഭ്രാന്തരായി ജനലുകളിലൂടെയും മറ്റും താഴേക്ക് ചാടുകയായിരുന്നുവത്രേ. ഇങ്ങനെയും നിരവധി പേര് മരിച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. വലിയ ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി അത് ആളിപ്പടരുമ്പോള്‍ രക്ഷപ്പെടാനുള്ള വഴികള്‍ ഉണ്ടായിരിക്കണം. കെട്ടിടത്തിന്റെ രൂപകല്‍പ്പന തന്നെ ഇതനുസരിച്ചായിരിക്കും. കുവൈറ്റില്‍ അപകടം നടന്ന കെട്ടിടത്തില്‍ ഇങ്ങനെയുള്ളതൊന്നും ഉണ്ടായിരുന്നില്ല എന്നാണോ കരുതേണ്ടത്? സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇരുന്നൂറോളം വരുന്ന തൊഴിലാളികളെ ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നാണ് അറിയുന്നത്. തീ ആളിപ്പടര്‍ന്നതോടെ പുക ശ്വസിച്ച് ശ്വാസംമുട്ടിയവരാണ് താഴേക്ക് ചാടി മരണമടഞ്ഞത്. തീപിടുത്തം പോലുള്ള അപകടമുണ്ടായാല്‍ പാലിക്കേണ്ടതായ മുന്‍കരുതലുകളൊന്നും ഉണ്ടായിരുന്നില്ലെന്നു വിചാരിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്രയധികം തൊഴിലാളികളെ പാര്‍പ്പിച്ചത് നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടായിരിക്കില്ലല്ലോ. തൊഴിലാളികളല്ലേ, അവരുടെ ജീവന് അത്രയൊന്നും വിലപ്പെട്ടതല്ലല്ലോ. അവര്‍ക്ക് എന്തു വേണമെങ്കിലും സംഭവിക്കട്ടെ. കമ്പനിയുടമയുടെയും മറ്റും ഈ ചിന്തയാണ് ഇത്തരം ‘കൂട്ടക്കൊലയ്ക്ക്’ വഴിയൊരുക്കുന്നത്. ഈ കൊടുംദുരന്തത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അധികൃതര്‍ ശക്തമായ നടപടികളെടുക്കണം.
ദാരുണ മരണത്തിനിരയായ മലയാളികള്‍ പലരും സ്വന്തം കുടുംബത്തിന്റെ അത്താണികളാണ്. വല്ലപാടും ജീവിതത്തില്‍ കരപറ്റാനാണ് അവര്‍ അന്യനാട്ടില്‍പ്പോയി കഷ്ടപ്പെടാന്‍ തീരുമാനിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. സംഭവം നടന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിക്കുകയും മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കുവൈറ്റിലെത്തിയ ഭാരത വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ് പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും, ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, പരിക്കേറ്റവര്‍ക്ക് വൈദ്യസഹായമെത്തിക്കല്‍, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായികളായ യൂസഫലിയും രവി പിള്ളയും സഹായധനം പ്രഖ്യാപിച്ചിട്ടുള്ളതും സ്വാഗതാര്‍ഹം. ഇതുകൊണ്ടു മാത്രമായില്ല. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകുമെന്ന് കമ്പനിയുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാത്തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറരുത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മറ്റെന്തൊക്കെ സഹായം നല്കാന് കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. തിരുവനന്തപുരം ലോക കേരള സഭയുടെ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് നല്ല കാര്യം. എന്നാല്‍ ഇതൊരു പ്രതീകാത്മക നടപടി മാത്രമേ ആകുന്നുള്ളൂ. ആശ്രയമായിരുന്നവരുടെ നഷ്ടം കുടുംബങ്ങളെ ബാധിക്കാത്തവിധത്തിലുള്ള സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: