ന്യൂദല്‍ഹി: ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ വിവിധ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് യാത്ര പുറപ്പെടും മുമ്പുള്ള സന്ദേശത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ക്ഷണപ്രകാരമാണ് ജി 7 ഔട്ട്റീച്ച് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെ അപുലിയ മേഖലയിലേക്ക് പോകുന്നത്. ഇറ്റലിയിലേക്കാണ് തുടര്‍ച്ചയായ മൂന്നാം തവണയും ആദ്യ സന്ദര്‍ശനം എന്നതില്‍ സന്തോഷമുണ്ട്. 2021ല്‍ ജി 20 ഉച്ചകോടിക്കായി ഇറ്റലി സന്ദര്‍ശിച്ചിരുന്നതായും മോദി കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഇറ്റലി പ്രധാനമന്ത്രി മെലോനി രണ്ടു തവണയായി നടത്തിയ ഭാരതസന്ദര്‍ശനം ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഭാരതം- ഇറ്റലി തന്ത്രപരമായ പങ്കാളിത്തം ഏകീകരിക്കുന്നതിനും ഇന്തോ- പസഫിക്, മെഡിറ്ററേനിയന്‍ മേഖലകളിലെ സഹകരണംശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ഔട്ട്റീച്ച് സെഷനിലെ ചര്‍ച്ചകളില്‍, കൃത്രിമബുദ്ധി, ഊര്‍ജം, ആഫ്രിക്ക, മെഡിറ്ററേനിയന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഭാരതത്തിന്റെ അധ്യക്ഷതയില്‍ നടന്ന ജി 20 ഉച്ചകോടിയുടെയും വരാനിരിക്കുന്ന ജി 7 ഉച്ചകോടിയുടെയും ഫലങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമന്വയം കൊണ്ടുവരാനും ഗ്ലോബല്‍ സൗത്തിലെ നിര്‍ണായകമായ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാനും ഇത് അവസരമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: