കോഴിക്കോട്: വികസന കാര്യത്തില്‍ പിണറായി വിജയന് മുന്‍കാലങ്ങളിലെപ്പോലെ നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുമായും ജോര്‍ജ് കുര്യനുമായും നാടിന്റെ വികസനകാര്യത്തില്‍ സഹകരിക്കണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ടൂറിസം, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങി വകുപ്പുകളില്‍ സംസ്ഥാനത്തിന് ഒട്ടേറെ അവസരമുണ്ട്. രണ്ടു മന്ത്രിമാരും കേരളത്തിന്റെ വികസനത്തിന് എന്തും ചെയ്യാന്‍ തയാറുള്ളവരാണ്. അഞ്ചുവര്‍ഷം കൊണ്ട് കേന്ദ്രത്തിലെ എല്ലാ വകുപ്പുകളും ഉള്‍പ്പെടുത്തി കേരളത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ബിജെപിയുടെ ഭാഗത്തുനിന്നും അകമഴിഞ്ഞ സഹകരണം ഉണ്ടാകും. ഓരോ വകുപ്പിലും നടപ്പാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജനങ്ങളുമായും അതതുമേഖലയിലെ വിദഗ്ധരുമായും ചേര്‍ന്ന് രണ്ടു മാസത്തിനകം പദ്ധതി തയാറാക്കി കേന്ദ്രത്തെ സമീപിക്കും. വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ഉള്‍പ്പെടെ അനുഭവസമ്പത്തുള്ളവരുമായി ചേര്‍ന്ന് പാര്‍ട്ടി പ്രത്യേക മിഷന് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ തീപ്പിടിത്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ലോകകേരള സഭയെന്ന ധൂര്‍ത്ത് നിര്‍ത്തി ആ പണം ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും പരിക്കുപറ്റിയവരുടെയും കുടുംബത്തിനു നല്‍കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തില്‍ 2024 ല്‍ രാഷ്ട്രീയ മാറ്റം പറഞ്ഞത് സംഭവിച്ചു. ബിജെപിക്കുണ്ടായത് ആശയപരമായ വിജയമാണ്. ഈ വിജയം പിന്നാക്ക- ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പിന്തുണച്ചതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 20 ശതമാനം വോട്ട് വിഹിതം ബിജെപി നേടി. ഓര്‍ത്തഡോക്സ്- യാക്കോബായ സഭകള്‍ മണിപ്പൂര്‍ വിഷയത്തിലെ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞത് സ്വാഗതാര്‍ഹമാണ്, സുരേന്ദ്രന് പറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും തിരുത്താന്‍ തയാറല്ലെന്നതിന്റെ ഉദാഹരണമാണ് രാജ്യസഭാസീറ്റ് നിര്‍ണയം. അതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. വോട്ട് ചോര്‍ച്ച തടയാന്‍ സിപിഎം കൂടുതല്‍ പ്രീണനത്തിലേക്ക് പോവും. ജി. സുധാകരന് സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനെ പോപ്പുലര്‍ഫ്രണ്ട് ഹൈജാക്ക് ചെയ്തു. യുഡിഎഫും പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നത്. രാഹുല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ആദ്യം പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നീക്കാനുള്ള ഫയലില്‍ ഒപ്പിട്ടേനെയെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി. രഘുനാഥ്, ഒബിസി സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: