ചിത്സ്വരൂപം അഥവാ പുരുഷന് പ്രകൃതി കാര്യങ്ങളാകുന്ന ശരീരാദികളില്‍ എപ്പോള്‍ ശക്തി പുലര്‍ത്തുന്നുവോ അപ്പോള്‍ അത് ആ കരണങ്ങളുടെ ചലനത്തില്‍പ്പെട്ട് അവയുടെ ധര്‍മ്മം തന്റേതാണെന്നു ധരിച്ച് ജനന-മരണ ചക്രമാകുന്ന സംസാരത്തെ പ്രാപിക്കുന്നു. ഭൗതിക ലോകത്തെപ്പോലെ മനുഷ്യന്റെ കരണങ്ങളും മൂന്ന് ഗുണങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഇവയില്‍ രജോഗുണത്തില്‍ നിന്ന് ഇന്ദ്രിയ ശേഷിയും സാത്വിക ഗുണത്തില്‍നിന്ന് മനസ്സും തമോഗുണത്തില്‍ നിന്ന് ശരീരവുമുണ്ടാകുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങളാല്‍ ബദ്ധമാകുന്ന ജീവാത്മാവ് തന്റെ ശാശ്വത സ്വരൂപമാകുന്ന ശുദ്ധ ചിത്സ്വരൂപത്തിലേക്ക് മടങ്ങുമ്പോള്‍ പ്രകൃതികാര്യങ്ങളില്‍ നിന്ന് സ്വതന്ത്രനാകുന്നു. അതിനെ ബന്ധിച്ചിരുന്ന ഉപാധികളെല്ലാം ത്രിഗുണങ്ങളിലേക്ക് വിലയം പ്രാപിക്കുന്നു. ഇത് ആത്മസാക്ഷാത്കരവും ഒപ്പംതന്നെ ഈശ്വരസാക്ഷാത്കാരവുമാണ്. കാരണം ജീവാത്മാവിന്റെ യഥാര്‍ത്ഥ സ്വത്വം ഇപ്പോള്‍ ആദിപുരുഷന്റെ അഥവാ ഈശ്വരന്റെ ശുദ്ധ ബോധസ്വരൂപംതന്നെയാകുന്നു.
ഇവിടെ പ്രകൃതിയുടെ ഉല്‍പ്പന്നങ്ങള്‍ തന്റേതാണെന്നും, അവ കാരണം ഉണ്ടാകുന്ന കര്‍മ്മങ്ങള്‍ താനാണ് ചെയ്യുന്നതെന്നുമുള്ള ജീവാത്മാവിന്റെ തെറ്റിദ്ധാരണ അഥവാ അവിദ്യയാണ് അതിന്റെ ബദ്ധാവസ്ഥയ്ക്ക് കാരണം. അതിനാല്‍ വിദ്യ അഥവാ ജ്ഞാനമാണ് മോക്ഷത്തിനു കാരണമെന്ന് പറയാമെങ്കിലും, ഈ അറിവ് സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങളെയും അവലംബിക്കേണ്ടതുണ്ട്. അവയില്‍ ഭക്തിയോടുകൂടിയ നാമജപം, അര്‍ച്ചനാദികള്‍, ഭഗവദ്ധ്യാനം, നിസ്വാര്‍ത്ഥ സേവനം എന്നിവയ്ക്കാണ് ഭാഗവതം പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിനാല്‍ ഭാഗവതത്തില്‍ ഭക്തി-ജ്ഞാന-കര്‍മ്മ സമുച്ചയാണ് മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗമെന്നു പറയുന്നതാവും ഉചിതം.
ചിത്ശക്തി സ്വരൂപവും ഏകവുമായ ബ്രഹ്മം അഥവാ ഭഗവാന് വിഷ്ണു എപ്പോഴാണോ സൃഷ്ടി ആരംഭിക്കുന്നത് അപ്പോള്‍ പുരുഷന് (ചിത്സ്വരൂപം), പ്രകൃതി (ആദിശക്തി)അഥവാ വിഷയി, വിഷയം എന്നിങ്ങനെ ദൈ്വതഭാവം കൈക്കൊള്ളുന്നു. പുരുഷന് നിശ്ചലനായിരിക്കുന്നു. എന്നാല്‍ പ്രകൃതി ചലിക്കുന്നു. ഈ ചലനമാണ് കാലം, ദിക്ക് എന്നിവയ്ക്ക് കാരണം. കാലവും ദിക്കും ഉണ്ടാകുന്നതോടെ ഏകമായിട്ടുള്ള ഭഗവദ്ശക്തി പല രൂപങ്ങളായും വിവിധ സംഭവങ്ങളായും പരിണമിച്ചുകൊണ്ടേയിരിക്കുന്നു. ഈ പരമ്പരയില്‍ ജീവാത്മാവിന്റെ സ്ഥാനം വിസ്തരിക്കുന്നതിന് വേദാന്തത്തെയും സാംഖ്യത്തെയും ഭാഗവതം അവലംബിക്കുന്നുണ്ട്.
ജീവാത്മാവിന് മൂന്ന് അവസ്ഥയില്‍ സ്ഥിതിചെയ്യാനാവും. ഒന്ന്, ചിത്ശക്തി സ്വരൂപവും ഏകവുമായ ശുദ്ധബ്രഹ്മത്തിന്റെ തന്നെ അവസ്ഥയില്‍. രണ്ട്, ചിത്സ്വരൂപമാകുന്ന പുരുഷന് അഥവാ വിഷയിയായും നിലകൊള്ളാം. ഈ അവസ്ഥയില്‍ ആത്മാവിന് ആദിശക്തിയായ പ്രകൃതിയുടെ തനതായ ആനന്ദസ്വരൂപത്തെ ആസ്വദിച്ചുകൊണ്ട് സ്ഥിതിചെയ്യാം. അതായത് ബ്രഹ്മാനന്ദം നുകര്‍ന്നുകൊണ്ടു വര്‍ത്തിക്കാം. ഈ രണ്ട് അവസ്ഥകളും ആത്മാവിന്റെ മോക്ഷാവസ്ഥകളാണ്. കാരണം പ്രകൃതിയുടെ പരിണാമക്കുരുക്കില്‍പ്പെടാതിരിക്കുന്ന അവസ്ഥകളാണിവ. മൂന്നാമത്തേത് പ്രകൃതി പരിണാമത്തില്‍ കുടുങ്ങുന്നതുമൂലമുണ്ടാകുന്ന ബന്ധനാവസ്ഥയാണ്. ഈ അവസ്ഥയിലുള്ള ചിത്സ്വരൂപങ്ങളാണ് സാധാരണ ജീവാത്മാക്കള്‍. പ്രകൃതിയുടെ വിഭവങ്ങളാണ് അവര്‍ക്ക് വിഷയമാകുന്നത്. അടുപ്പില്‍ വച്ച പാത്രം അഗ്നിയുമായുള്ള ബന്ധത്താല്‍ ചൂടാകുമ്പോള്‍ അതിലൊഴിച്ച പാലും പാലിലിട്ട അരിയും വേവുന്നു. അതുപോലെ ചുറ്റിലുമുള്ള ശരീരേന്ദ്രിയാന്തഃകരണങ്ങളുടെ ധര്‍മ്മങ്ങളുമായുള്ള അടുപ്പത്താല്‍ ജീവാത്മാവും സംസാരത്തില്‍പ്പെടുന്നു. (ഭാഗവതം, 5.10.22)
മുക്തിയുടെ സ്വഭാവം എന്ത്?
‘മോക്ഷം’ എന്ന പദംകൊണ്ട് പൊതുവെ അര്‍ത്ഥമാക്കുന്നത്, ജീവാത്മാവ് പരമാത്മാവില്‍ അലിഞ്ഞുചേര്‍ന്ന് തന്റേതായിട്ടുള്ള സ്വത്വം ഇല്ലാതാവുകയെന്നതാണ്. ഈ ധാരണ
അപൂര്‍ണ്ണമാണെന്ന് ഭാഗവതം പഠിക്കുമ്പോള്‍ വ്യക്തമാകും. ഇവിടെ മുക്തി എന്തില്‍നിന്നാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒന്ന്, ദുഷ്പ്രവണതകളില്‍നിന്നുള്ള മുക്തി. ഇത് മനുഷ്യരെ സംബന്ധിച്ച് സുപ്രധാന പ്രശ്നമാണ്. അമിതമായിട്ടുള്ള ആഗ്രഹങ്ങള്‍ കാരണം ഭൗതിക മോഹവലയത്തില്‍പ്പെടുന്ന ജീവാത്മാക്കള്‍ ക്രമേണ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് വലയുന്ന ദുഃസ്ഥിതിയിലാവുന്നു. ഇപ്രകാരമുള്ള ഭൗതികാസക്തിയെ നിയന്ത്രിക്കുന്നതിനുള്ള എളുപ്പമാര്‍ഗം ഈശ്വരനിലേക്കും ആത്മീയതയിലേക്കും തിരിയുന്നതാണ്. ജ്വരബാധിതര്‍ മൂന്നുതരം മരുന്നു സേവിക്കുന്നതുപോലെ ഒരു നേരമെങ്കിലും ഈശ്വരനെ ആരാധിക്കുന്നത് ഗുണകരമാകും. കാരണം ജീവാത്മാവിന് ഈശ്വരന് അപരനല്ല, സ്വന്തം ആത്മാവാകുന്നു. ഈശ്വരനെ ആരാധിക്കുമ്പോള്‍ സ്വന്തം ആത്മീയ തേജസ്സ് പ്രകാശിതമായി, സല്‍ബുദ്ധിയുണരുന്നതോടെ ഇന്ദ്രിയങ്ങളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നു.
ഇനി, ചിലരാകട്ടെ ഭൂമിയിലെ ജീവിതം പൊതുവെ ദുഃഖമയമാണെന്നും, അജ്ഞാനത്തിലാണ്ട് ജീവിക്കുന്നത് ഗതികേടാണെന്നും ചിന്തിക്കുന്നു. ജീവാത്മാക്കള്‍ ഭൂതലബന്ധത്തില്‍ നിന്നുള്ള മുക്തിയെ ലക്ഷ്യംവയ്ക്കുന്നു. ഇവര്‍ ഭൂലോകമുക്തിക്കായി ഈശ്വര സാക്ഷാല്‍ക്കാരം തേടുന്നവരാകുന്നു. ജനന-മരണ ചക്രമാകുന്ന സംസാരത്തില്‍ നിന്നുള്ള മുക്തിയാണിത്. മുക്തരായശേഷം ഇവര്‍ ഊര്‍ദ്ധ്വലോകങ്ങളില്‍ വസിക്കുന്നു. നാരദനെപ്പോലുള്ള ഭക്തന്മാര് ഇങ്ങനെയുള്ളവരാണ്.
അദൈ്വത സിദ്ധാന്തത്തിലെ മുക്തിയെന്നത് ജീവാത്മാവിന് അത് ബ്രഹ്മമാണെന്ന തിരിച്ചറിവിനാല്‍ പ്രത്യേക സ്വത്വം നഷ്ടമാകുന്നതാണ്. മറ്റ് വേദാന്തശാഖകളാകുന്ന വിശിഷ്ടാദൈ്വതം, ദൈ്വതം, ശുദ്ധാദൈ്വത്വം, അചിന്ത്യഭേദാഭേദം മുതലായവയില്‍ ജീവാത്മാവിന്റെ മുക്തിപദമെന്നത് സ്വത്വം നഷ്ടപ്പെട്ട് ബ്രഹ്മമാകുന്നതല്ല, മറിച്ച് അതിനെ സംസാരത്തില്‍ ബന്ധിച്ചിരുന്ന ചങ്ങലകളില്‍ നിന്ന് മുക്തമായി ശുദ്ധമായ ആത്മസ്വരൂപം വീണ്ടെടുക്കലാണ്. സാംഖ്യ-യോഗത്തിലും പ്രകൃതി തത്ത്വങ്ങളില്‍നിന്നുള്ള ആത്മാവിന്റെ സ്വാതന്ത്ര്യമാണ് മുക്തി. വൈഷ്ണവ ആഗമത്തിലും ശൈവസിദ്ധാന്തത്തിലും മുക്തി നേടിയ ആത്മാവും ഈശ്വരനും അടിസ്ഥാനപരമായി ഒരേ സ്വഭാവത്തിലുള്ളവരാണെങ്കിലും ചില കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. രാമാനുജന്റെ വിശിഷ്ടാദൈ്വതത്തില്‍ ആത്മാക്കള്‍ അസ്തിത്വത്തില്‍ ഈശ്വരനെ ആശ്രയിക്കുന്നവരാണ്. ശൈവ സിദ്ധാന്തത്തില്‍ ആത്മാക്കള്‍ക്ക് സ്വന്തമായി ലോകസൃഷ്ടിയോ സംഹാരമോ നടത്താന്‍ സാധ്യമല്ല. ശാക്തേയരുടെ ‘മുക്തി’യാവട്ടെ കൂടുതല്‍ സങ്കീര്‍ണമാണ്. ഇതില്‍ ജീവാത്മാവിന്റെ വിചാരവികാരങ്ങളെല്ലാം ആദ്യം അതത് ശക്തികേന്ദ്രങ്ങളിലേക്ക് ലയിക്കുന്നു.
പിന്നീട് കേന്ദ്രീകൃതമായിട്ടുള്ള ഈ ശക്തികള്‍ പരാശക്തിയില്‍ ലയിക്കുന്നു. അടുത്തതായി ഈ ശക്തി ശിവനുമായി യോജിക്കേണ്ടതുണ്ട്. ഈ അവസ്ഥയില്‍ വ്യക്തിസ്വത്വം പൂര്‍ണമായി നഷ്ടപ്പെടുന്നു, ശിവ-ശക്തി സ്വരൂപം മാത്രം അവശേഷിക്കുന്നു. (തുടരും…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: