അഹമ്മദാബാദ്: ചൊവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയ മൂന്ന് ഗർത്തങ്ങൾക്ക് പേരുകൾ നൽകിയ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ദേവേന്ദ്ര ലാലിന്റെയും ഉത്തരേന്ത്യയിലെ മുർസാൻ, ഹിൽസ എന്നീ നഗരങ്ങളുടെയും പേരുകളാണ് ഗർത്തങ്ങൾക്ക് നൽകിയിരിക്കുന്നത്.2021-ൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന ഗവേഷകരുടെ സംഘം ഇവ കണ്ടെത്തിയിരുന്നു. എന്നാൽ പേര് നൽകുന്നതിന് ഈ മാസം ആദ്യമാണ് അന്താരാഷ്‌ട്ര ബോഡി അംഗീകാരം നൽകിയത്.
ചുവന്ന ഗ്രഹത്തിലെ താർസിസ് അഗ്നിപർവ്വത മേഖലയിലാണ് മൂന്ന് ഗർത്തങ്ങളും സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർഎൽ കേന്ദ്രമാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.ചൊവ്വയുടെ പടിഞ്ഞാറൻ അർദ്ധഗോളത്തിലായി ഭൂമദ്ധ്യരേഖയ്‌ക്ക് സമീപമുള്ള വലിയ അഗ്നിപർവ്വത മേഖലയാണ് താർസിസ്.സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളുള്ള പ്രദേശമാണിത്.
അസ്‌ട്രോണമിക്കൽ യൂണിയൻ വർക്കിംഗ് ഗ്രൂപ്പ് ജൂൺ-5-ന് ഗർത്തങ്ങൾക്ക് ലാൽ-മുർസൻ-ഹിൽസ എന്നിങ്ങനെ പേരുകൾ നൽകാൻ അംഗീകാരം നൽകിയതായി പിആർഎൽ ഡയറക്ടർ അനിൽ ഭരദ്വാജ് അറിയിച്ചു. മുർസാൻ-ഹിൽസ എന്നിവ ഉത്തർപ്രദേശിലെയും ബീഹാറിലെയും നഗരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: