തിരുവനന്തപുരം: വഴിപാടിതര വരുമാനം വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തരിശ് ഭൂമി പാര്‍ക്കിങ്ങിനായി ലേലം ചെയ്ത് നല്‍കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് സഭയെ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ ക്ഷേത്രങ്ങളുടെ അധീനതയിലുള്ള തരിശ് ചെങ്കല്‍ പ്രദേശങ്ങളില്‍ സൗരോര്‍ജ പാടം നിര്‍മിക്കുന്നതിനും പാലക്കാട് ശ്രീചാത്തന്‍കുളങ്ങര ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയില്‍ കെസിഎയുമായി ചേര്‍ന്ന് അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ദേവസ്വം ജീവനക്കാര്‍ ഭക്തരോട് മോശമായും സംയമനമില്ലാതെയും പെരുമാറുന്നുവെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. ഭക്തരോട് മാന്യമായി പെരുമാറുന്നതിന് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
ക്ഷേത്രാചാരങ്ങള്‍ പാലിക്കേണ്ടത് സംബന്ധിച്ചും ക്ഷേത്രത്തില്‍ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച പരിശീലനം നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ആരാധനയ്ക്കൊപ്പം ആതുര സേവനവും ദേവസ്വം ബോര്‍ഡുകള്‍ ഉറപ്പാക്കുന്നുണ്ട്. ഡയാലിസിസ് സെന്റര്‍, ആയുര്‍വേദ ചികിത്സ, ജെറിയാട്രിക് യൂണിറ്റ് തുടങ്ങിയവയെല്ലാം വിവിധ ദേവസ്വം ബോര്‍ഡുകള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: