കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഷിപ്പ് ടെക്നോളജി വകുപ്പിലെ ഗവേഷകനായ എച്ച്. രാഹുല്‍ കൃഷ്ണ പ്രശസ്തമായ ഓഷ്യന്‍ ഫ്രോണ്ടിയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിസിറ്റിങ് ഫെലോഷിപ്പിന് അര്‍ഹനായി. 16,000 കനേഡിയന്‍ ഡോളര്‍ ഗ്രാന്റോടെയാണ് ഫെലോഷിപ്പ് ലഭിച്ചത്. ഈ ഫെലോഷിപ്പ് ലഭിക്കുന്ന കുസാറ്റിലെ ആദ്യത്തെ ഗവേഷകനാണ് രാഹുല്‍.
കാനഡയിലെ മെമ്മോറിയല്‍ യൂണിവേഴ്സിറ്റി ഓഫ് ന്യൂഫൗണ്ട്ലാന്‍ഡില്‍ ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്സിനെപ്പറ്റിയുള്ള (എയുവി) രാഹുല്‍ കൃഷ്ണയുടെ ഫെലോഷിപ്പ് മെമ്മോറിയല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ടിംഗ് സോയുടെ മേല്‍നോട്ടത്തില്‍ ജൂലൈയില്‍ ആരംഭിക്കും. സങ്കീര്‍ണമായ സമുദ്രാന്തരീക്ഷത്തില്‍ അണ്ടര്‍വാട്ടര്‍ റോബോട്ടുകളുടെ നിയന്ത്രണരീതികള്‍ വികസിപ്പിക്കുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുക. ആര്‍ട്ടിക് അണ്ടര്‍വാട്ടര്‍ സര്‍വേകള്‍ പ്രാപ്തമാക്കിയ ‘എക്സ്പ്ലോറര്‍’ എന്ന എയുവി ഉപയോഗിച്ചാണ് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുക. കുസാറ്റിലെ കമ്പ്യൂട്ടേഷണല്‍ ഫഌയിഡ് ഡൈനാമിക്സ് സ്റ്റാര്‍ സിസിഎം പ്ലസ് സോഫ്റ്റ്വെയര് പാക്കേജ് ഉപയോഗിച്ച് എക്സ്പ്ലോറര്‍ എയുവിയുടെ ഹൈഡ്രോഡൈനാമിക് പ്രകടനം വിശകലനം ചെയ്യുകയാണ് രാഹുല്‍. അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്സ് പ്രസിദ്ധീകരിക്കുന്ന ‘ഫിസിക്സ് ഓഫ് ഫഌയിഡ്സ്’ എന്ന അന്താരാഷ്ട്ര ജേണലില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട് രാഹുല്‍. കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മനോജ് ടി. ഐസക്കിന്റെ മേല്‍നോട്ടത്തിലാണ് രാഹുലിന്റെ ഗവേഷണം. കൊച്ചി പനയപ്പിള്ളി സൗപര്‍ണികയില്‍ കെ.ആര്. ഹരിദാസിന്റെയും രാധാമണിയുടെയും മകനാണ് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: