സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് മറുപടിയുമായി ഇടത് അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി.
പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഇടതുപക്ഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന സാമൂഹിക മാധ്യമങ്ങള്‍ വിലയ്‌ക്ക് വാങ്ങിയതാണെന്നും യുവാക്കള്‍ ഇത് മാത്രം നോക്കിയിരുന്നതിന്റെ ദുരന്തമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു. ഇതിനാണ് ഫേസ്ബുക്ക് പേജില്‍ ജയരാജന് മറുപടിയുമായി ‘പോരാളി ഷാജി’യെത്തിയത്.
കേരളത്തിലെ ജനങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും ഇലക്ഷന് പിണറായി ഭരണത്തിനെതിരെ മറ്റുകക്ഷികള്‍ പറഞ്ഞതുമായ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഫേസ്ബുക്ക് വഴി അക്കമിട്ട് നിരത്തുകയാണ് പോരാളി ഷാജി.
ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ലെന്നും ജനം എല്ലാം കണ്ടതുകൊണ്ടാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയതെന്നും ഫേസ്ബുക്കില്‍ പ്രതികരിക്കുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കാനുള്ള 19 കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് പോരാളി ഷാജിയുടെ പോസ്റ്റി. 6 മാസം പെന്‍ഷന്‍ മുടങ്ങിയതുള്‍പ്പെടെയുള്ള കാരണങ്ങള്‍ പോരാളി ഷാജി ചൂണ്ടിക്കാണിക്കുന്നു.
വില കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈകോയില്‍ സാധനങ്ങള്‍ ഉണ്ടോ..? ഇല്ല. ആരെങ്കിലും വില കുറച്ചു നല്‍കാന്‍ ഉണ്ടെങ്കിലെ വില കുറയു എന്ന ബേസിക് തിയറി പോലും മറന്ന് കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളി വീട്ടു.
സമ്മേളനം, സ്മാരക പണി, നവകേരള യാത്ര, ഇലക്ഷന്‍ പിരിവ് അത് ഇത് എന്നും പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമെല്ലാം വ്യാപാരികളില്‍ നിന്നും ജനത്തില്‍ നിന്നും ഫണ്ട് പിരിക്കാന്‍ ലോക്കല്‍ നേതാക്കള്‍ ഇറങ്ങുന്ന രീതി ജനത്തിന് ഇഷ്ടമല്ല. ഇത്തരം പരിപാടികള്‍ ഇനിയെങ്കിലും നിര്‍ത്തണം..? നിങ്ങള് സമ്മേളനം നടത്തുന്നതിന് സാധാര മനുഷ്യര്‍ എന്തിന് പിരിവ് നല്‍കണം..?
ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ശമ്പളത്തില്‍ ജോലി പോലും കേരളത്തില്‍ കിട്ടാനില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്. അതിനൊരു മാറ്റമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചോ..?
സിപിഎമ്മിനെ വിമര്‍ശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ശൈലി എന്നത് പോരാളി ഷാജി പേജിന്റെ ശൈലിയല്ല. ഇത്തരം സൈബര്‍ അക്രമം നടത്തുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട മുഖമുള്ള ഒരുവിഭാഗം അണികളാണെന്നും പോരാളി ഷാജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: