ന്യൂദൽഹി: നഗരത്തിലെ ടാങ്കർ മാഫിയയുടെ വ്യാപനത്തിലും വെള്ളം പാഴാക്കുന്നതിലും ദൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. അവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.
ടാങ്കർ മാഫിയയെ നേരിടാൻ കഴിയുന്നില്ലെങ്കിൽ വിഷയത്തിൽ നടപടിയെടുക്കാൻ ദൽഹി പോലീസിനോട് ആവശ്യപ്പെടുമെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, പ്രസന്ന ബി വരാലെ എന്നിവരുടെ അവധിക്കാല ബെഞ്ച് ദൽഹി സർക്കാരിനെ അറിയിച്ചു.
“എന്തുകൊണ്ടാണ് ഈ കോടതിക്ക് മുന്നിൽ തെറ്റായ മൊഴികൾ നൽകിയത്? ഹിമാചൽ പ്രദേശിൽ നിന്ന് വെള്ളം വരുന്നു, പിന്നെ ദൽഹിയിൽ വെള്ളം എവിടെ പോകുന്നു? ഇത്രയധികം ചോർച്ചയും ടാങ്കർ മാഫിയകളും ഉണ്ട്.. ഇക്കാര്യത്തിൽ നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിച്ചത്.
“ജനങ്ങൾ കഷ്ടപ്പെടുന്നു, ഞങ്ങൾ എല്ലാ വാർത്താ ചാനലുകളിലും ദൃശ്യങ്ങൾ കാണുന്നു. വേനൽക്കാലത്ത് ജലക്ഷാമം ആവർത്തിച്ചുള്ള പ്രശ്നമാണെങ്കിൽ, ജല പാഴാക്കൽ നിയന്ത്രിക്കാൻ നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിച്ചത്,” – ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ജലവിതരണം വൻതോതിൽ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടെന്നും അതിനാൽ അധിക ജലം പാഴാകുന്നത് തടയുമെന്നും ദൽഹി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഷദൻ ഫറസത്ത് പറഞ്ഞു.
ജലനഷ്ടം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദൽഹി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിഷയം വ്യാഴാഴ്ച പരിഗണിക്കും.
ജലക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശ് ദേശീയ തലസ്ഥാനത്തിന് നൽകുന്ന മിച്ചജലം വിട്ടുനൽകാൻ ഹരിയാനയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: